ന്യൂഡൽഹി : ഡയറി ഫാമുകൾ അടച്ചുപൂട്ടാനും സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ മെനുവിൽ നിന്ന് കോഴിയിറച്ചി ഉൾപ്പടെയുള്ള മാംസ ഉത്പന്നങ്ങള്‍ ഒഴിവാക്കാനുമുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ തീരുമാനത്തിനെതിരെ സുപ്രീം കോടതി. ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ തീരുമാനം ചോദ്യം ചെയ്‌തുള്ള ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാർ ഉൾപ്പടെയുള്ളവരിൽ നിന്ന് വിശദീകരണം തേടി.
ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ തീരുമാനം ചോദ്യം ചെയ്‌ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ സമർപ്പിച്ച അപ്പീലിൽ ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബഞ്ച് കേന്ദ്ര സർക്കാരിനും ലക്ഷദ്വീപ് ഭരണകൂടത്തിനും നോട്ടിസ് അയച്ചു.
2020 ഡിസംബറിൽ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററായി ചുമതലയേറ്റെടുത്തത് മുതൽ മൃഗസംരക്ഷണ വകുപ്പിന്‍റെ ഫാമുകൾ അടച്ചുപൂട്ടുന്നതിനാണ് പ്രഫുൽ ഖോഡ പട്ടേൽ മുൻഗണന നൽകിയതെന്ന് ആരോപിച്ച് കവരത്തി സ്വദേശി അജ്‌മൽ അഹമ്മദ് കേരള ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയിരുന്നു. അജ്‌മൽ അഹമ്മദിന്‍റെ ഹർജി 2021 സെപ്‌റ്റംബറിൽ ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് തള്ളി.
പശുക്കൾ ഉൾപ്പടെയുള്ള കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിക്കുന്ന 'മൃഗസംരക്ഷണം (നിയന്ത്രണം), 2021' നടപ്പിലാക്കുക എന്ന ഉദ്ദേശത്തോടെയാണ് എല്ലാ ഡയറി ഫാമുകളും ഉടൻ അടച്ചുപൂട്ടാൻ മൃഗസംരക്ഷണ വകുപ്പ് ഡയറക്‌ടർ ഉത്തരവിട്ടതെന്ന് അജ്‌മൽ അഹമ്മദ് ഹർജിയിൽ ആരോപിക്കുന്നു.
ഉത്തരവ് പ്രകാരം ഫാമുകൾ അടച്ചുപൂട്ടിയും ദ്വീപ് നിവാസികളുടെ പാൽ ഉത്പന്നങ്ങളുടെ ഉറവിടം ഇല്ലാതാക്കിയും ഗുജറാത്തിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പാൽ ഉത്പന്നങ്ങള്‍ വാങ്ങാൻ പ്രേരിപ്പിച്ചും ബീഫിന്‍റെയും, ബീഫ് ഉത്പന്നങ്ങളുടെയും വാങ്ങലും വിൽപനയും നിരോധിക്കുകയാണ് ലക്ഷ്യമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ലക്ഷദ്വീപിലെ സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിന്‍റെ മെനുവിൽ നിന്ന് ഇറച്ചി വിഭവങ്ങള്‍ ഒഴിവാക്കാനുള്ള ഭരണകൂടത്തിന്‍റെ തീരുമാനത്തെയും അജ്‌മൽ ചോദ്യം ചെയ്യുന്നു. 2021 ജനുവരി 27ന് നടന്ന യോഗത്തിലാണ് പഴയ ഉച്ചഭക്ഷണ മെനു മാറ്റി പുതിയത് ഉൾപ്പെടുത്തിയത്.