ന്യൂഡൽഹി: റെംഡെസിവിർ കുത്തിവയ്പ്പ് ജീവൻ രക്ഷിക്കുന്ന അത്ഭുത മരുന്നല്ലെന്ന് സർ ഗംഗാ റാം ആശുപത്രി ചെയർപേഴ്‌സൺ ഡോ. ഡി.എസ്. റാണ. കൊവിഡ് രോഗികൾക്ക് റെംഡെസിവിർ നൽകുന്നത് നിർബന്ധമല്ലെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് ബാധിച്ച ഒരാൾക്ക് ഏഴ് ദിവസത്തിനകം കുത്തിവെപ്പെടുക്കണമെന്നും ഇല്ലെങ്കിൽ അതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെംഡെസിവിർ കുത്തിവെപ്പെടുത്താൽ രോഗത്തിന്‍റെ കാഠിന്യവും ആശുപത്രിയിൽ കഴിയേണ്ട കാലാവധിയും കുറഞ്ഞേക്കാമെന്ന് അദ്ദേഹം അറിയിച്ചു.
ആശുപത്രിയിലെ ഓക്‌സിജൻ ലഭ്യതയെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം നിലവിൽ ആവശ്യത്തിനുള്ള ഓക്‌സിജൻ ആശുപത്രിക്ക് ലഭിക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ നേരത്തത്തെക്കാൾ ബേധമാണെന്നും അറിയിച്ചു. ഓക്‌സിജൻ ക്ഷാമത്തിൽ ആളുകൾ പരിഭ്രാന്തരാണെന്നും ശരീരത്തിലെ ഓക്‌സിജൻ സാച്ചുറേഷൻ 90-94 നും ഇടയിലാണെങ്കിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഉണ്ടാകാൻ പാടില്ലാത്ത ഒരു വിഐപി സംസ്‌കാരം നമുക്കിടയിൽ നിലനിൽക്കുന്നുണ്ടെന്നും ആളുകൾ അവരുടെ എസ്‌പിഒ 94നും 95 നും ഇടയിലായിരിക്കുമ്പോൾ തന്നെ പരിഭ്രാന്തരായി വിളിക്കാൻ തുടങ്ങുന്നെന്നും ആശുപത്രി കിടക്കകൾ ആവശ്യപ്പെടാൻ ആരംഭിക്കുന്നെന്നും പറഞ്ഞു. ഇത് യഥാർഥത്തിൽ ആവശ്യമുള്ളവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം രാജ്യത്ത് 3,79,257 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 3,645 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസം മാത്രം 2,69,507 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 20,84,814 ആയി ഉയർന്നു.