ഭോപ്പാല്‍: കഴിഞ്ഞ 35 വര്‍ഷമായി മൈഹാറിലെ ശാരദ ദേവി ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന മുസ്‌ലിം സമുദായത്തില്‍പ്പെട്ട ജീവനക്കാരെ പിരിച്ച് വിടും. ക്ഷേത്രത്തിന്‍റെ മതപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ട്രസ്റ്റ് ബോര്‍ഡ് വിഷയം സംബന്ധിച്ച് സംസ്ഥാന മുഖ്യമന്ത്രിക്കും സത്‌ന ജില്ല മജിസ്ട്രേറ്റ് അനുരാഗ് വര്‍മയ്‌ക്ക് കത്തയച്ചതിനെ തുടര്‍ന്നാണ് നടപടി.
ക്ഷേത്രത്തിലെ ലീഗല്‍ അഡ്വൈസര്‍ ആബിദ് ഹുസൈന്‍, ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും ജലവിതരണം നടത്തുന്ന അയൂബ് എന്നിവരെയാണ് ജോലിയില്‍ നിന്ന് പിരിച്ച് വിടുക. ഇരുവരെയും ജോലിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് ട്രസ്‌റ്റ് മജിസ്‌ട്രേറ്റിന് കത്തയച്ചത്. മുസ്‌ലിം ജീവനക്കാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് മൈഹാറിലെ ചില ഹിന്ദു സംഘടകള്‍ ആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ് നടപടി.
ആബിദ് ഹുസൈനും അയ്യൂബും ക്ഷേത്ര സമിതിയിലെ സ്ഥിരം ജീവനക്കാരാണ്. ഉത്തരവ് നടപ്പിലാക്കിയാല്‍ അത് അവരുടെ ജോലിയെ ബാധിക്കുമെന്നും വിമര്‍ശനം ഉയരുന്നുണ്ട്. കഴിഞ്ഞ 35 വർഷമായി ക്ഷേത്ര ഭരണ സമിതിയിൽ അംഗങ്ങളായ ആബിദ് ഹുസൈനും അയൂബും ക്ഷേത്ര ഭരണ സമിതിയിൽ ശമ്പളപ്പട്ടികയിൽ ജോലി ചെയ്യുന്നവരാണ്.
ക്ഷേത്രത്തിന് സമീപമുള്ള മാംസ വില്‍പ്പന ശാലകളും മദ്യ വില്‍പ്പന കേന്ദ്രങ്ങളും നീക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ആബിദ് ഹുസൈനെയും അയ്യൂബിനെയും പിരിച്ച് വിടുന്ന വിഷയത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ജാതിയുടെയോ മതത്തിന്‍റെയോ അടിസ്ഥാനത്തില്‍ ഒരാളെ ജോലിയില്‍ നിന്ന് പുറത്താക്കുകയെന്നത് ഭരണഘടനാപരമായി ന്യായമല്ലെന്നുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.