ന്യൂഡല്‍ഹി : ലോകത്തെ ഏറ്റവും വലിയ ബ്ലൂഹൈഡ്രജന്‍ നിര്‍മാണ കമ്പനികളില്‍ ഒന്നാവാന്‍ തയ്യാറെടുത്ത് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ബ്ലൂഹൈഡ്രജന്‍റെ ഇപ്പോഴത്തെ ആഗോള ശരാശരി വിലയുടെ പകുതിയില്‍ ഉത്പന്നം ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബ്ലൂഹൈഡ്രജന്‍റെ ഉപയോഗം വ്യാപകമായാല്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ബഹിര്‍ഗമനം വലിയൊരളവില്‍ കുറയ്ക്കാന്‍ സാധിക്കും.
ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം ശുദ്ധീകരണ പ്ലാന്‍റിന്‍റെ ഉടമസ്ഥരാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. പെട്രോളിയം കോക്കിനെ സിന്തസിസ് ഗ്യാസ് ആക്കിമാറ്റുന്ന പ്ലാന്‍റിനെ ബ്ലൂഹൈഡ്രജന്‍ ഉത്പാദനത്തിനായി പുനക്രമീകരിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് വ്യക്തമാക്കി. ഒരു കിലോഗ്രാം ബ്ലൂഹൈഡ്രജന്‍ 1.2 മുതല്‍ 1.5വരെ യുഎസ് ഡോളറിന് അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമാക്കുമെന്നും കമ്പനി അവകാശപ്പെട്ടു.
ഉത്പാദിപ്പിക്കപ്പെട്ട രീതി അനുസരിച്ച് ഹൈഡ്രജനെ ഗ്രേ, ബ്ലൂ, ഗ്രീന്‍ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. നാച്വറല്‍ ഗ്യാസില്‍ നിന്നോ, മീഥെയിനില്‍ നിന്നോ 'സ്റ്റീം റിഫോമിങ്'(steam reforming) എന്ന പ്രക്രിയയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്നതാണ് ഗ്രേ ഹൈഡ്രജന്‍. നിലവില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നത് ഗ്രേ ഹൈഡ്രജനാണ്.
സ്റ്റീം റിഫോമിങ്ങില്‍ ധാരാളം കാര്‍ബണ്‍ പുറം തള്ളപ്പെടുന്നു. എന്നാല്‍ പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍, അന്തരീക്ഷത്തിലേക്ക് ലയിക്കുന്നത് തടഞ്ഞ്, ശേഖരിച്ചുവയ്ക്കുകയാണെങ്കില്‍ അങ്ങനെ നിര്‍മിക്കപ്പെടുന്ന ഹൈഡ്രജനെയാണ് ബ്ലൂ ഹൈഡ്രജന്‍ എന്ന് വിളിക്കുക. ബ്ലൂ ഹൈഡ്രജന്‍ ഉത്പാദനത്തില്‍ കാര്‍ബണ്‍ അന്തരീക്ഷത്തില്‍ ലയിക്കാത്തതുകൊണ്ട് ഇതിനെ കാര്‍ബണ്‍ ന്യൂട്രല്‍ ഹൈഡ്രജന്‍ എന്നും വിളിക്കുന്നു.
ഏറ്റവും പരിസ്ഥിതി സൗഹൃദമായ ഹൈഡ്രജനാണ് ഗ്രീന്‍ ഹൈഡ്രജന്‍. ഇത് നിര്‍മിക്കുന്നത് പുനരുപയോഗിക്കാവുന്ന ഊര്‍ജസ്രോതസുകള്‍ ഉപയോഗിച്ചാണ്. ഇലക്ട്രോലൈസിസ്(electrolysis) എന്ന പ്രക്രിയയിലൂടെ ജലത്തെ അത് രണ്ട് ഹൈഡ്രജന്‍ ആറ്റങ്ങളായും ഒരു ഓക്സിജന്‍ ആറ്റമായും വിഭജിക്കുന്നു.
2035ഓടെ നെറ്റ് സീറോ കാര്‍ബണ്‍ ബഹിര്‍ഗമന(net-zero carbon emission) ബിസിനസ് മാതൃകയാണ് റലയന്‍സ് ലക്ഷ്യമിടുന്നത്. പൂര്‍ണമായും ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു ഘട്ടമായാണ് ബ്ലൂഹൈഡ്രജന്‍ നിര്‍മാണത്തെ കമ്പനി കാണുന്നതെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഗ്രീന്‍ ഹൈഡ്രജന്‍ നിര്‍മാണത്തിന് ചിലവ് കൂടുതലാണ് എന്നുള്ളതാണ് ഉടനെ ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദനത്തിലേക്ക് കടക്കാതിരിക്കാന്‍ കാരണം.
ALSO READ: സ്വര്‍ണം പവന് 800 രൂപ കൂടി; രണ്ട് വര്‍ഷത്തിനിടെ ഇതാദ്യം
സിന്‍ഗ്യാസ്( Syngas ) ഉപയോഗിച്ചാണ് റിലയന്‍സ് ബ്ലൂഹൈഡ്രജന്‍ നിര്‍മ്മിക്കുക. ഹൈഡ്രജന്‍, കാര്‍ബണ്‍ മോണോക്സൈഡ് എന്നിവയടങ്ങിയ സിന്തസിസ് ഗ്യാസാണ് സിന്‍ഗ്യസ്. നിലവില്‍ ഒരു കിലോഗ്രാം ഗ്രീന്‍ ഹൈഡ്രജന്‍ നിര്‍മിക്കണമെങ്കില്‍ 3-6.55 യുഎസ് ഡോളര്‍വരെ ചിലവ്‌വരുമെന്നാണ് യുറോപ്യന്‍ കമ്മിഷന്‍ കണക്കാക്കിയത്.
ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള ഹൈഡ്രജന്‍ നിര്‍മാണത്തിന് ഒരു കിലോ ഗ്രാമിന് 1.8 യുഎസ് ഡോളറും, ഒരു കിലോ ഗ്രാം ബ്ലൂഹൈഡ്രജന്‍ നിര്‍മാണത്തിന് 2.4-3 യുഎസ് ഡോളറും ചിലവ് വരുമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ കണക്കാക്കുന്നു.
ഒരു കിലോ ഗ്രാം ഗ്രീന്‍ ഹൈഡ്രജന്‍ ഒരു യുഎസ് ഡോളറിന് ഉത്പാദിപ്പിക്കുന്നതിനാണ് റിലയന്‍സ് ലക്ഷ്യമിടുന്നതെന്ന് കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നു. പരിസ്ഥിതി സൗഹാര്‍ദമായ ബിസിനസ് മാതൃകയിലേക്ക് മാറുന്നതിന് 75 ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് കഴിഞ്ഞ മാസം റിലയന്‍സ് പ്രഖ്യാപിച്ചിട്ടുമുണ്ട്.