ന്യൂഡൽഹി: കൊവിഡ് കാലത്ത് യോഗയുടെ പ്രസക്തി വർധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ്‌വർധൻ പറഞ്ഞു. കൊവിഡിൽ ജനങ്ങളുടെ ശാരീരക മാനസിക ആരോഗ്യം നിലനിർത്താൻ യോഗ സഹായിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മഹാരാജ അഗ്രസെൻ പാർക്കിൽ നടന്ന യോഗാഭ്യാസത്തിന് ശേഷമാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രതികരണം.
കൊവിഡും യോഗയും
"കൊവിഡ് കാലഘട്ടത്തിൽ യോഗയുടെ പ്രസക്തി വർധിച്ചു. നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താൻ യോഗ സഹായിച്ചിട്ടുണ്ട്. യോഗയോ മറ്റ് ശാരീരിക വ്യായമങ്ങളോ നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാക്കണം. കൊവിഡിനെതിരെ പ്രതിരോധശേഷി വർധിപ്പിക്കാൻ ഇവ സഹായിക്കും", ഹർഷ്‌വർധൻ പറഞ്ഞു.
"നിങ്ങളുടെ ദൈനംദിന ദിനചര്യയിൽ യോഗ ഉൾപ്പെടുത്തുക. ഇത് ശരീരത്തിന്‍റെ ആന്തരിക ശക്തിയെ വർധിപ്പിക്കും. ഇത് കൊവിഡിനെതിരായ പോരാട്ടത്തിൽ കൂടുതൽ ശക്തി നൽകും", അദ്ദേഹം കൂട്ടിച്ചേർത്തു.
"കൊവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ പോരാട്ടം പതുക്കെ വിജയത്തിലേക്ക് നീങ്ങുകയാണ്. ഇനിയും അശ്രദ്ധ കാണിച്ചാൽ വലിയ വിപത്തുകൾ രാജ്യം നേരിടേണ്ടി വരും. ഇന്ന് മുതൽ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും 18 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും സൗജന്യ വാക്സിൻ നൽകും", ഹർഷ്‌വർധൻ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദേശം
ലോകം മുഴുവന്‍ കൊവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍ യോഗ പ്രതീക്ഷയുടെ ഒരു കിരണമായി തുടരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. രണ്ടു വര്‍ഷമായി ലോകം കൊവിഡിനോട് പോരാടുകയാണ്. യോഗയുമായി ബന്ധപ്പെട്ട് ലോകത്ത് എവിടെയും ഇക്കാലയളവിൽ പൊതുപരിപാടികൾ സംഘടിപ്പിച്ചിട്ടില്ല. എന്നിരുന്നാലും യോഗയോടുള്ള ആവേശം ഒട്ടും തന്നെ കുറഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. ഏഴാമത് അന്താരാഷ്ട്ര യോഗദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
Also Read: 'കൊവിഡ് കാലത്ത് യോഗ പ്രതീക്ഷയുടെ കിരണം', പ്രധാനമന്ത്രി
എല്ലാ വർഷവും ജൂൺ 21നാണ് രാജ്യത്തുടനീളം അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിക്കുന്നത്. 'യോഗ ഫോർ വെൽനസ്' ആണ് ഈ വർഷത്തെ യോഗ തീം. കൂടാതെ ശാരീരികവും മാനസികവുമായ ക്ഷേമത്തിനായി യോഗ പരിശീലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.