മംഗളൂരു: 75-ാം സ്വാതന്ത്ര്യ ദിനത്തിന്‍റെ ഭാഗമായി കൊലക്കേസ് പ്രതിയെ നല്ല നടപ്പിന്‍റെ പേരിൽ വിട്ടയക്കുന്നതിനെ എതിർത്ത് ഭാര്യ ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ. മംഗലാപുരം വമഞ്ചൂർ സ്വദേശി പ്രവീൺ കുമാറിന്‍റെ ജയില്‍ മോചനമാണ് കുടുംബാംഗങ്ങൾ എതിർത്തത്. 1994 ൽ നാല് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി സ്വർണവുമായി കടന്ന കുറ്റത്തിന് 28 വർഷമായി പ്രവീൺ ജയിലിലാണ്.
നിലവിൽ ബെല്ലാരി ജയിലിൽ ജീവപര്യന്തം തടവില്‍ കഴിയുകയാണ് പ്രവീൺകുമാർ. തയ്യൽക്കാരനായ പ്രവീൺ കുമാർ ഒറ്റ നമ്പർ ലോട്ടറി സ്ഥിരമായി എടുത്തിരുന്നു. ഇതിനായി പലരിൽ നിന്നും വായ്‌പ എടുക്കുകയും ഭാര്യ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളുടെ സ്വർണം പണയപ്പെടുത്തുകയും ചെയ്‌തിരുന്നു. വീണ്ടും പണം ആവശ്യമായി വന്നപ്പോഴാണ് പ്രവീൺ കുടുംബാംഗങ്ങളെ കൊലപ്പെടുത്തി സ്വർണവുമായി കടന്നത്.
പൊലീസ് പിടിയില്‍ നിന്ന് രക്ഷപെടുന്നു: കൊലപാതകത്തിന് ശേഷം പിടികൂടിയ പ്രതി ഹുബ്ളി ജയിലിൽ നിന്നും മംഗളൂരുവിലെക്ക് അന്വേഷണത്തിനായി കൊണ്ടുപോകും വഴി പൊലീസിന്‍റെ കയ്യിൽ നിന്നും രക്ഷപ്പെട്ടിരുന്നു. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് കുടുംബം ഒരു ലക്ഷം രൂപ പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു. ഗോവയിലേക്ക് കടന്ന പ്രവീൺ അവിടെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് വേറൊരു പേരിൽ ജീവിക്കുന്നതിനിടയിൽ വീണ്ടും പൊലീസ് പിടിയിലായി.
കേസില്‍ മംഗലാപുരം കോടതി പ്രവീണിന് വധ ശിക്ഷ വിധിച്ചിരുന്നു. 2003 ൽ ഹൈക്കോടതിയും സുപ്രീംകോടതിയും ശിക്ഷ ശരിവച്ചു. 2013 ൽ നൽകിയ ദയാഹർജി രാഷ്‌ട്രപതിയും തള്ളി. രാജീവ് ഗാന്ധി കൊലക്കേസിലെ മൂന്ന് പ്രതികളുടെ വധ ശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെ പ്രവീൺ വീണ്ടും ഹർജി നൽകി. തുടർന്ന് 2014 ജനുവരി 22 ന് സുപ്രീംകോടതി പ്രവീണിന്‍റെ വധ ശിക്ഷ ജീവപര്യന്തമായി കുറച്ചു.
നിവേദനവുമായി കുടുംബം: ഇപ്പോൾ പ്രവീൺ കുമാറിനെ വിട്ടയക്കുന്നു എന്ന വാർത്ത വന്നതോടെ ഇയാൾ ജയിലിൽ നിന്നും ഇറങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവീണിന്‍റെ ഭാര്യ അനസൂയയും മറ്റു 50 കുടുംബാംഗങ്ങളും മംഗലാപുരം പൊലീസ് കമ്മീഷണറെ നേരിൽ കണ്ട് നിവേദനവും സമർപ്പിച്ചു. കുടുംബത്തിലെ മറ്റു അംഗങ്ങളേയും കൊല്ലുമെന്ന് ജയിലിൽ വച്ച് പ്രവീൺ ഭീഷണിപ്പെടുത്തിയിരുന്നു.
എന്നാൽ ഇതേകുറിച്ചുള്ള ഒരു ഫയലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മംഗലാപുരം പൊലീസ് കമ്മിഷണർ എൻ. ശശികുമാർ പറഞ്ഞു. കുടുംബാംഗങ്ങളുടെ ആവശ്യം അധികാരികളെ അറിയിക്കുമെന്നും വേണ്ട നിയമനടപടികൾ സ്വീകരിക്കുമെന്നും കമ്മിഷണർ പറഞ്ഞു.