ഫരീദാബാദ് (ഹരിയാന): മാതാപിതാക്കളിൽ നിന്ന് സ്‌ത്രീധനം ആവശ്യപ്പെടാൻ വിസമ്മതിച്ചതിനെ തുടർന്ന് ഭര്‍ത്താവ് ഭാര്യയുടെ നഖം പിഴുതെറിഞ്ഞു. ഹരിയാന ഫരീദാബാദിലെ പല്ല മേഖലയിലാണ് സംഭവം. ധീരജ് നഗർ പ്രദേശത്ത് താമസിക്കുന്ന രാജേഷുമായി 13 വർഷം മുമ്പാണ് വിവാഹിതയായതെന്നും ഇയാള്‍ സ്‌ത്രീധനം ആവശ്യപ്പെട്ട് നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നതായും യുവതി പറഞ്ഞു. അതേസമയം, സംഭവത്തെത്തുടര്‍ന്ന് ഇയാള്‍ ഒളിവിലാണ്.
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യുവതിയും രാജേഷുമായുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് കുറച്ചുദിവസത്തേക്ക് പ്രശ്‌നങ്ങളില്ലാതെ മുന്നേറിയ ദാമ്പത്യത്തില്‍ പിന്നീട് ഇയാള്‍ വില്ലനായി തുടങ്ങി. നാല് ലക്ഷം രൂപ സ്‌ത്രീധനമായി ആവശ്യപ്പെട്ടായിരുന്നു നിരന്തര മര്‍ദ്ദനമെന്ന് പീഡനത്തിനിരയായ യുവതി പറഞ്ഞു. ഇന്നും (08.09.2022) പണത്തിന്‍റെ കാര്യം പറഞ്ഞ് ഇയാള്‍ വഴക്കിട്ടിരുന്നതായും വീട്ടുകാരോട് ചോദിക്കാന്‍ ആവശ്യപ്പെട്ടത് നിരസിച്ചതോടെ മര്‍ദ്ദിക്കാന്‍ തുടങ്ങിയതായും യുവതി പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ ഒരു കട്ടിങ്പ്ലയറുമായി വന്ന് തന്‍റെ കാല്‍വിരലിലെ നഖം പിഴുതെടുക്കുകയായിരുന്നുവെന്നും യുവതി വ്യക്തമാക്കി.
മര്‍ദ്ദനത്തില്‍ യുവതിയുടെ നിലികേട്ട് അയല്‍വാസികള്‍ സ്ഥലത്തെത്തിയതോടെ രാജേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി തന്നെ പൊലീസ് സ്‌റ്റേഷനിലുമെത്തി. സ്‌ത്രീധന പീഡനവുമായി ബന്ധപ്പെട്ട സെക്ഷൻ 498, പീഡനം സംബന്ധിച്ച സെക്ഷൻ 323 എന്നിവ പ്രകാരമാണ് പോലീസ് ഉദ്യോഗസ്ഥർ കേസെടുത്തിട്ടുള്ളത്. അതേസമയം, തന്റെ പരാതിയിൽ പൊലീസ് നടപടിയെടുക്കുകയോ മൊഴി രേഖപ്പെടുത്താൻ ആശുപത്രിയിൽ എത്തുകയോ ചെയ്തിട്ടില്ലെന്ന് യുവതി ആരോപിച്ചു. ഭർത്താവിനും, ഭര്‍തൃ സഹോദരനും, ഭര്‍തൃ പിതാവിനുമെതിരെ പോലീസ് ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട യുവതി തുടര്‍ന്ന് ഇയാള്‍ക്കൊപ്പം ജീവിക്കാന്‍ ആഗ്രഹമില്ലെന്നും വ്യക്തമാക്കി.