മുംബൈ: മഹാരാഷ്‌ട്രയില്‍ പൊലീസ് സേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യുവതിയെ മെഡിക്കല്‍ പരിശോധനയില്‍ പുരുഷനാണെന്ന് കണ്ടെത്തി. 2018ല്‍ നാസിക് റൂറല്‍ പൊലീസ് സേനയിലേക്ക് നടത്തിയ റിക്രൂട്ട്മെന്‍റില്‍ നോണ്‍-കോണ്‍സ്റ്റബിള്‍ ജൂനിയര്‍ ടൈപ്പിസ്റ്റ് തസ്‌തികയിലേക്ക് പട്ടികജാതി വിഭാഗത്തില്‍ അപേക്ഷിച്ച യുവതിയെയാണ് മെഡിക്കല്‍ പരിശോധനയില്‍ പുരുഷനാണെന്ന് കണ്ടെത്തിയത്. എഴുത്ത്, ശാരീരിക യോഗ്യത പരീക്ഷകള്‍ പാസായ യുവതി നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
യുവതിയുടെ നിയമന നടപടികള്‍ ആരംഭിച്ചുവെന്ന് മഹാരാഷ്‌ട്ര സർക്കാർ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ രേവതി മോഹിതേ ദേരെ, ഷർമിള യു ദേശ്‌മുഖ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിക്കാരിയുടെ നിയമനം സംബന്ധിച്ച് അഡീഷണല്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ് പൊലീസ് ട്രെയിനിങ്ങിനും സ്‌പെഷല്‍ സ്‌ക്വാഡിനും ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി കത്തയച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറല്‍ അശുതോഷ് കുംഭകോണി കോടതിയെ അറിയിച്ചു.
രേഖകളിലെല്ലാം സ്‌ത്രീ: മെഡിക്കല്‍ പരിശോധനയില്‍ പുരുഷനാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. എഴുത്ത്, ശാരീരിക യോഗ്യത പരീക്ഷകളില്‍ 200ല്‍ 171 മാര്‍ക്ക് ലഭിച്ച യുവതി പട്ടികജാതി, സ്‌ത്രീ വിഭാഗത്തിലാണ് യോഗ്യത നേടിയത്. എന്നാല്‍ പട്ടികജാതി, പുരുഷ വിഭാഗത്തില്‍ ഇവർക്ക് യോഗ്യത മാര്‍ക്ക് നേടാനായില്ല.
കഴിഞ്ഞ മെയ് മാസത്തില്‍ ഹര്‍ജി പരിഗണിച്ച കോടതി യുവതിയുടെ നിയമന നടപടികള്‍ വേഗത്തിലാക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. തസ്‌തികയിലേക്ക് അപേക്ഷിക്കുമ്പോള്‍ യുവതിക്ക് 19 വയസായിരുന്നുവെന്നും മെഡിക്കല്‍ പരിശോധന ലഭിക്കും വരെ ശാരീരിക ഘടന പ്രകാരം താന്‍ പുരുഷനാണെന്ന വിവരം യുവതിക്ക് അറിയില്ലായിരുന്നുവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പ്രത്യേക കേസായി പരിഗണിക്കും: ഇത് നിർഭാഗ്യകരമായ സംഭവമാണ്. യുവതി സാമ്പത്തിക സ്ഥിതി മോശമായ ചുറ്റുപാടില്‍ നിന്നും വരുന്നയാളാണ്. യുവതിയുടെ ഭാഗത്ത് യാതൊരു കുറ്റവുമില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. യുവതിയുടെ ശാരീരിക ഘടന മറ്റൊന്നാണെന്ന് പരിശോധന നടത്തുന്നത് വരെ അറിയില്ലായിരുന്നുവെന്നും ജനന, വിദ്യാഭ്യാസ, തിരിച്ചറിയല്‍ രേഖകളില്‍ സ്‌ത്രീയാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.
ഇത് പ്രത്യേക കേസായി പരിഗണിച്ച് യുവതിക്ക് ഇളവ് നല്‍കുമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍ ജൂലൈ 22ന് കോടതിയെ അറിയിച്ചു. നടപടിക്രമങ്ങള്‍ നീളുമെന്നതിനാല്‍ അടുത്ത വാദം ഓഗസ്റ്റ് 18 ലേക്ക് കോടതി മാറ്റിവച്ചു. ഇക്കാലയളവില്‍ സംസ്ഥാനത്തിന് മറ്റ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയം കോടതി നല്‍കുകയാണെന്നും ബെഞ്ച് വ്യക്തമാക്കി.