ഹൈദരാബാദ്: മുനുഗോഡ് ഉപതെരഞ്ഞെടുപ്പാണ് ഇപ്പോള്‍ തെലങ്കാനയിലെ പ്രധാന ചര്‍ച്ചാവിഷയം. സംസ്ഥാനത്തെ പ്രധാന രാഷ്‌ട്രീയ പാര്‍ട്ടിയായ ടിആര്‍എസും ബിജെപിയും മുനുഗോഡ് ഉപതെരഞ്ഞെടുപ്പിനെ ഒരു മുഖ്യ ആയുധമായാണ് കാണുന്നത്. കാരണം 2023ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം ഏത് പാര്‍ട്ടി തെലങ്കാന ഭരിക്കും എന്നതിന്‍റെ വിധി നിര്‍ണയം കൂടിയാണ് ഈ ഉപതെരഞ്ഞെടുപ്പ്.
ഒക്‌ടോബര്‍ മാസത്തിലെ 22 ദിവസങ്ങളിലായി മുനുഗോഡില്‍ വോട്ടര്‍മാര്‍ കഴിച്ചത് 50 കോടി വില വരുന്ന മാംസവും 160 കോടിയുടെ മദ്യവുമാണ്. പ്രതിമാസം 132 കോടി രൂപയുടെ മദ്യ വില്‍പനയാണ് നൽഗൊണ്ട ജില്ലയില്‍ രജിസ്‌റ്റര്‍ ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ മാസം മുനുഗോഡിൽ മാത്രം 160 കോടി രൂപയുടെ മദ്യ വില്‍പനയായിരുന്നു നടന്നത്. ഈ മാസം ഇത് 230 കോടിയിലെത്തുമെന്നാണ് പ്രതീക്ഷ.
ഉപതെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായാണ് റെക്കോഡ് മദ്യ വില്‍പന നടക്കുന്നത്. മദ്യം തികയാത്തത് മൂലം മറ്റ് സ്ഥലങ്ങളില്‍ നിന്നും മദ്യം ഇറക്കുമതി ചെയ്യുന്നുവെന്നാണ് വിവരം. മാംസ വില്‍പനയും ഒട്ടും പിന്നിലല്ല. മാംസത്തിന്‍റെ ആവശ്യം വര്‍ധിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്ന അളവില്‍ വില്‍പ്പനക്കാരും പണം പോക്കറ്റിലാക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തെ തുടര്‍ന്ന് രാഷ്‌ട്രീയക്കാര്‍ മദ്യവും ആയുധമാക്കുന്നത് ഒരു പുതിയ കാഴ്‌ചയല്ല. എന്നാല്‍, ഇത്തവണത്തെ ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുനുഗോഡ് പുതിയ ഉയരങ്ങള്‍ കീഴടക്കുമെന്നാണ് കരുതുന്നത്.