ആള് നോർത്ത് ഇന്ത്യനാണെങ്കിലും 'ചാട്ട്' ഒരു സംഭവമാണ്...! രാജ്യത്ത് ജനപ്രീതിയാർജിച്ച ചാട്ട് വിഭവങ്ങൾ ദക്ഷിണേന്ത്യക്കാരുടെയും ഇഷ്ട ഭക്ഷണമാണ്. എന്നാൽ ചാട്ട് വിഭവങ്ങളിൽ തന്നെ ഏറ്റവും സ്വാദിഷ്ടമായ ഒരു വിഭവമുണ്ട്..ഏതാണെന്നല്ലേ സാക്ഷാൽ ഗോൽഗപ്പ (പാനിപൂരി) തന്നെ.
പല സ്ഥലങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്നതെങ്കിലും രൂചിയുടെ കാര്യത്തിൽ ഇവന്‍ മുന്‍പന്തിയിലാണ്. അങ്ങനെ ഗോൽഗപ്പ ആരാധികയായ ഒരാളുടെ വിവാഹമാണ് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. തന്‍റെ ജീവിതത്തിലെ സുപ്രധാന ദിവസത്തിലും ഇഷ്ടഭക്ഷണമായ ഗോൽഗപ്പയെ അക്ഷയ മറന്നില്ല.
സാധാരണ ആഭരണങ്ങളോടൊപ്പം ഗോൽഗപ്പ ഉപയോഗിച്ച് നിർമിച്ച മാലയും കിരീടവും അണിഞ്ഞ് അതീവസുന്ദരിയായി കതിർമണ്ഡപത്തിലിരിക്കുന്ന അക്ഷയയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അക്ഷയയുടെ മേക്കപ്പ് ആർട്ടിസ്റ്റായ ആരതി ബാലാജിയാണ് ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. നാല് കോടി ജനങ്ങൾ വീഡിയോ ഇതിനോടകം കണ്ട് കഴിഞ്ഞു. എന്തായാലും രസകരമായ കമന്‍റുകളാണ് ആളുകൾ പോസ്റ്റ് ചെയ്യുന്നത്.