ഇസ്‌ലാമാബാദ്: ഇന്ത്യ തങ്ങളുടെ രാജ്യം ആക്രമിച്ചാല്‍ യുദ്ധത്തിന് തയ്യാറാണെന്ന് പാക് കരസേന മേധാവി. ഈ പദവിയിലേക്ക് പുതുതായി നിയമിക്കപ്പെട്ട ജനറൽ അസിം മുനീറാണ് ഇതുസംബന്ധിച്ച പ്രസ്‌താവന നടത്തിയത്. നിയന്ത്രണരേഖയിലെ രഖ്‌ചിക്രി സെക്‌ടറിലെ പ്രദേശം സന്ദർശിക്കവെ ശനിയാഴ്‌ചയാണ് ഇക്കാര്യം പറഞ്ഞത്.
'നമ്മുടെ രാജ്യം ആക്രമിക്കപ്പെട്ടാൽ പാകിസ്ഥാൻ സായുധ സേന നാടിന്‍റെ ഓരോ ഇഞ്ചും സംരക്ഷിക്കുക മാത്രമല്ല ചെയ്യുക. ശത്രുവിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുക തന്നെ ചെയ്യും', പാക് കരസേന മേധാവി വ്യക്തമാക്കി. അടുത്തിടെ, ഗിൽജിത് ബാൾട്ടിസ്ഥാനും ജമ്മു കശ്‌മീരുമായും ബന്ധപ്പെട്ട് ഇന്ത്യൻ ഭരണകൂടം നിരുത്തരവാദപരമായ പ്രസ്‌താവനകള്‍ നടത്തിയത് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തങ്ങളുടെ രാജ്യം ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടായാല്‍ തിരിച്ചടി ഉറപ്പെന്ന് അദ്ദേഹം വ്യക്തമാക്കി.
സൈനിക അട്ടിമറി സാധ്യതയുള്ള രാജ്യത്ത്, കരസേന മേധാവിയായി തുടർച്ചയായി മൂന്ന് വർഷം സേവനമനുഷ്‌ഠിച്ച ശേഷം ജനറൽ ഖമർ ജാവേദ് ബജ്‌വ അടുത്തിടെ വിരമിച്ചിരുന്നു. തുടര്‍ന്ന്, നവംബർ 24നാണ് ജനറൽ മുനീർ നിയമിതനായത്.