മുംബൈ: റിപ്പോ നിരക്ക് 50 ബേസിസ് പോയിന്‍റ് വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്. ഈ വര്‍ധനവോടുകൂടി റിപ്പോ നിരക്ക് 4.9 ശതമാനമായി ഉയര്‍ന്നു. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് വായ്‌പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. മോണിറ്ററി പോളിസി കമ്മിറ്റിയിലെ ആറ് അംഗങ്ങളും റിപ്പോ നിരക്ക് ഉയര്‍ത്തുന്നതിന് അനുകൂലമായി വോട്ട് ചെയ്‌തുവെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്‌തികാന്ത ദാസ് പറഞ്ഞു.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 6.7 ശതമാനമായിരിക്കും പണപ്പെരുപ്പമെന്നും റിസര്‍വ് ബാങ്ക് പ്രവചിച്ചു. പണപ്പെരുപ്പം ആറ് ശതമാനത്തില്‍ കൂടുന്നത് പിടിച്ചു നിര്‍ത്തുക റിസര്‍വ് ബാങ്കിന്‍റെ ലക്ഷ്യമാണ്. പണപ്പെരുപ്പം ആറ് ശതമാനത്തില്‍ കൂടുന്നത് സാമ്പദ്‌വ്യവസ്ഥയില്‍ വലിയ വെല്ലുവിളിയാണ് സൃഷ്‌ടിക്കുക. റിപ്പോനിരക്ക് കൂട്ടുന്നതിന് ആനുപാതികമായി വാണിജ്യ ബാങ്കുകളും വായ്‌പകള്‍ക്ക് പലിശ വര്‍ധിപ്പിക്കും. 40 ബേസിസ് പോയിന്റാണ് ആര്‍ബിഐ ഏറ്റവുമൊടുവില്‍ ഉയര്‍ത്തിയിരുന്നത്. ഇപ്പോള്‍ .50 ശതമാനം വര്‍ധനവ് കൂടിയായപ്പോള്‍ റിപ്പോ നിരക്ക് 4.90 ആയി.