മുംബൈ: തുടർച്ചയായി മൂന്നാം തവണയും റിപ്പോ നിരക്ക് വർധിപ്പിച്ച് റിസർവ് ബാങ്ക്. 0.50 ശതമാനമാണ് ഇത്തവണ റിപ്പോ നിരക്ക് വർധിപ്പിച്ചത്. നിലവിൽ 5.40 ആണ് റിപ്പോ നിരക്ക്. ഇതോടെ മൂന്ന് മാസത്തിനിടെ 1.40 ശതമാനമാണ് നിരക്കിലുണ്ടായ വർധന.
ഉയർന്നു നിൽക്കുന്ന പണപ്പെരുപ്പവും ആഗോളതലത്തിലെ കേന്ദ്രബാങ്കുകളുടെ നിലപാടുമാണ് നിരക്ക് വർധനയ്ക്ക് പിന്നിൽ. വളർച്ചയെ പിന്തുണയ്ക്കുന്നതിനൊപ്പം പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനാണ് ഇന്ത്യൻ മോണിറ്ററി പോളിസി കമ്മിറ്റി നിരക്ക് വർധിപ്പിച്ചതെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
യുഎസ് ഡോളറിന്‍റെ മൂല്യത്തിലുണ്ടായ വർധനവാണ് ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയ്ക്ക് പ്രധാന കാരണം. രൂപയുടെ സ്ഥിരത നിലനിർത്താൻ ആർബിഐ ജാഗ്രത പുലർത്തുന്നുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞു. അതേസമയം, റിപ്പോ നിരക്ക് വർധനയെത്തുടർന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 37 പൈസ ഉയർന്ന് 79.10 ആയി.
രാജ്യത്തെ പണപ്പെരുപ്പം തുടര്‍ച്ചയായി ആറാമത്തെ മാസവും ആര്‍ബിഐയുടെ ക്ഷമത പരിധിയായ ആറുശതമാനത്തിന് മുകളിലാണ്. ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള വിലക്കയറ്റം ജൂണില്‍ 7.01ശതമാനമായിരുന്നു. ആര്‍ബിഐയുടെ പ്രഖ്യാപനംവരും മുമ്പെതന്നെ ബാങ്കുകള്‍ വായ്പ പലിശ ഉയര്‍ത്തിയിരുന്നു.