മുംബൈ : പേടിഎം പേയ്മെന്‍റ് ബാങ്കിന് (Paytm Payments Bank) കൂച്ചുവിലങ്ങിടാനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). പുതിയ ഉപയോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് ആപ്പിനെ ആര്‍ബിഐ വിലക്കി. ആപ്പിന്‍റെ പ്രവര്‍ത്തനത്തിലെ ആശങ്ക ചൂണ്ടിക്കാട്ടിയാണ് നടപടി. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിന്റെ സെക്ഷൻ 35 എ പ്രകാരമാണിതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
ബാങ്കിന്‍റെ ഓഡിറ്റിംഗിനായി ഐടി ഓഡിറ്റർമാരെ നിയമിക്കണമെന്നാണ് ആര്‍ബിഐ നിര്‍ദേശം. ഐടി ഓഡിറ്റർമാരുടെ റിപ്പോർട്ട് അവലോകനം ചെയ്തതിന് ശേഷം മാത്രമേ പുതിയ അക്കൗണ്ടുകള്‍ ചേര്‍ക്കാന്‍ കഴിയുകയുള്ളൂ എന്നുമാണ് ആര്‍ബിഐ നിര്‍ദേശിച്ചിരിക്കുന്നത്. പേടിഎം പേയ്‌മെന്റ് ബാങ്ക് 2016 ഓഗസ്റ്റിലാണ് ബാങ്കിങ് മേഖലയിലേക്ക് കടന്നത്.
Also Read: 'പോസ്റ്റ്‌പെയ്‌ഡ് മിനി'; പ്രതിമാസ ചെലവുകൾക്ക് പേടിഎം കടംതരും
2017 മെയ് മാസത്തിൽ നോയിഡയിലെ ഒരു ശാഖയിൽ നിന്ന് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. 2020 ഡിസംബറിൽ ആർബിഐ എച്ച്‌ഡിഎഫ്‌സി ബാങ്കിനെ സമാന രീതിയില്‍ ഏതെങ്കിലും പുതിയ ഡിജിറ്റൽ ഉത്പന്നങ്ങളും സേവനങ്ങളും പുറത്തിറക്കുന്നതില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് കൊടുക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു.