മുംബൈ: ക്രെഡിറ്റ് കാര്‍ഡുകളെ യുപിഐയുമായി (യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റെര്‍ഫേയിസ്) ബന്ധിപ്പിക്കാന്‍ അനുവാദം നല്‍കി റിസര്‍വ് ബാങ്ക്. ഇതിന്‍റെ തുടക്കം എന്ന നിലയില്‍ റൂപേ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കും. തീരുമാനം രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്‍റിന്‍റെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്‌തികാന്ത ദാസ് പറഞ്ഞു.
നിലവിലെ രീതിയനുസരിച്ച് ഉപഭോക്താവ് പര്‍ച്ചേസ് ചെയ്യുകയാണെങ്കിലോ ആര്‍ക്കെങ്കിലും പണമയക്കുകയാണെങ്കിലോ യുപിഐ അക്കൗണ്ടില്‍ ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടില്‍ നിന്ന് മാത്രമെ (ഡെബിറ്റ് കാര്‍ഡ്) സാധിക്കുകയുള്ളു. ഇനി ഉപഭോക്താവിന്‍റെ ക്രെഡിറ്റ് അക്കൗണ്ട് യുപിഐ ആപ്പില്‍ ബന്ധിപ്പിച്ചാല്‍ പണം അതുവഴിയും പിൻവലിക്കാം.
നിലവില്‍ ഉപയോക്‌താക്കളുടെ സേവിങ്സ് അക്കൗണ്ടും കറന്‍റ് അക്കൗണ്ടും ഡെബിറ്റ് കാര്‍ഡിലൂടെ യുപിഐയുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അഞ്ച് കോടി വ്യാപരികളും 26 കോടിയിലധികം ആളുകളും ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായി യുപിഐ മാറിയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.
കുറച്ചുകാലമായി യുപിഐയുടെ വളര്‍ച്ച സമാനതകളില്ലാത്തതായിരുന്നു. ഈ വര്‍ഷം മെയില്‍ മാത്രം 10.40 ലക്ഷം കോടി രൂപയുടെ 594.63 കോടി ട്രാന്‍സാക്ഷനുകളാണ് യുപിഐ വഴി നടന്നതെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. പല ബാങ്കുകളിലെയും അക്കൗണ്ടുകളെ ഒരു മൊബൈല്‍ ആപ്ലിക്കേഷനില്‍ കൊണ്ടുവരുന്നതാണ് യുപിഐ.