ജയ്പൂര്‍: രാജസ്ഥാനിലെ ഹനുമാൻഗഡിൽ തീ കൊളുത്തിയുള്ള കൊലപാതക ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബലാത്സംഗ ഇര മരിച്ചു. 90 ശതമാനം പൊള്ളലേറ്റ നിലയില്‍ ജയ്പൂരിലെ സ്വാമി മാന്‍ സിങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 33കാരിയായ യുവതി ഇന്നലെ രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. വ്യാഴാഴ്ച പുലർച്ചെ പൊള്ളലേറ്റ യുവതിയെ ബിക്കാനീർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതോടെയാണ് ജയ്പൂരിലേയ്ക്ക് മാറ്റിയതെന്ന് ഗോലുപുര സ്റ്റേഷൻ ഹൗസ് ഓഫീസർ ഓം പ്രകാശ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് 2018ൽ യുവതിയെ പീഡിപ്പിച്ച പ്രദീപ് വിഷ്ണോയ് എന്നയാളെ കസ്റ്റഡിയിലെടുത്തതായി ഗോലുപുര സ്റ്റേഷൻ ഹൗസ് ഓഫീസർ ഓം പ്രകാശ് പറഞ്ഞു. ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് മുത്തശ്ശിയോടൊപ്പമാണ് യുവതി താമസിച്ചിരുന്നത്.
സംഭവ ദിവസം പുലർച്ചെ യുവതിയുടെ വീട്ടിലെത്തിയ പ്രതി വീടിന് ചുറ്റും മണ്ണെണ്ണ തളിക്കുകയും ഇരയെ വീടിന് പുറത്തിറക്കി തീ കൊളുത്തുകയുമായിരുന്നുവെന്നും പൊലീസ് പ്രതികരിച്ചു. ആക്രമണത്തിന് പിന്നിൽ പ്രദീപാണെന്ന് യുവതിയുടെ മുത്തശ്ശി ആരോപിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തി വരുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു. പ്രദീപിനെതിരെ 2018ല്‍ യുവതി നല്‍കിയ ബലാത്സംഗക്കേസിൽ വിചാരണ പുരോഗമിക്കുകയാണ്. മരിച്ച യുവതിക്ക് ഒരു മകളുണ്ട്.