മുസാഫർനഗർ: ഉത്തർപ്രദേശിൽ 17 വിദ്യാർഥിനികളെ മയക്കുമരുന്ന് നൽകി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സ്കൂൾ മാനേജർ അറസ്റ്റിൽ. യോഗേഷ് ചൗഹാനാണ് അറസ്റ്റിലായത്. ഒളിവിൽ കഴിയുന്ന മറ്റൊരു സ്കൂൾ മാനേജർ അർജുൻ എന്നയാൾക്കായി തിരച്ചിൽ തുടരുന്നു. ഇടിവി ഭാരത് നൽകിയ വാർത്തയെ തുടർന്ന് പുറത്തായ സംഭവത്തിൽ സംസ്ഥാന വനിത കമ്മിഷൻ ജില്ലാ മജിസ്‌ട്രേറ്റിനോടും വിശദീകരണം തേടി.
17 പെൺകുട്ടികളിൽ രണ്ട് പേരുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം മൊഴി രേഖപ്പെടുത്തുന്നതിനായി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് അകർപിത് വിജയ്‌വെർഗയ് അറിയിച്ചു. അതേസമയം മറ്റ് 15 പെൺകുട്ടികൾ സംഭവം നിഷേധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: നവജാത ശിശു ഫ്ലഷ് ടാങ്കില്‍ മരിച്ച നിലയില്‍; 23 കാരിയായ മാതാവ് അറസ്റ്റില്‍
നവംബർ 18ന് ജില്ലയിലെ പൂർകഴിയിലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. പ്രാക്ടിക്കൽ പരീക്ഷയെന്ന പേരിൽ വിദ്യാർഥികളെ മറ്റൊരു സ്കൂളിലേക്ക് പ്രതികൾ കൊണ്ടുപോകുകയായിരുന്നുവെന്ന് ജില്ല പൊലീസ് മേധാവി അഭിഷേക് യാദവ് പറയുന്നു. തുടർന്ന് രാത്രി വൈകി വിദ്യാർഥികളെ അവിടെ തങ്ങാൻ ആവശ്യപ്പെട്ട പ്രതികൾ മയക്കുമരുന്ന് കലർത്തിയ പാനീയം നൽകിയ ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. സംഭവം പുറത്തുപറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയതായും പരാതിക്കാർ ആരോപിക്കുന്നു.
നേരത്തെ കേസിൽ അനാസ്ഥ ആരോപിച്ച് പൂർകഴി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ വികെ സിങ്ങിനെ സ്ഥലം മാറ്റിയിരുന്നു. പൊലീസിനെ സമീപിച്ചപ്പോൾ അവർ നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് പരാതിക്കാർ പറയുന്നു. പോക്‌സോ ഉൾപ്പെടെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവധ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.