ന്യൂഡല്‍ഹി: ബലാത്സംഗ കേസിലെ ഇരയ്‌ക്ക് വലിയ രീതിയില്‍ ദുരിതവും അപമാനവും സൃഷ്‌ടിക്കുന്നത് പോലെ തെറ്റായ ആരോപണങ്ങള്‍ ഒരു വ്യക്തിക്ക് അപമാനം വരുത്തിവയ്‌ക്കുമെന്ന് സുപ്രീം കോടതി. ഇത്തരം ആരോപണങ്ങളില്‍ നിന്ന് ഒരുവന്‍ സംരക്ഷിക്കപ്പെടണമെന്നും കോടതി നിരീക്ഷിച്ചു. ജസ്‌റ്റിസ് ബി ആര്‍ ഗവായി, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നിര്‍ദേശം.
തെറ്റായ ആരോപണങ്ങളും തുടര്‍ന്നുള്ള നടപടികളും ദുസഹമാണെന്ന് കാണിച്ച് എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഒരു പ്രതി സമീപിക്കുമ്പോള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ എഫ്‌ഐആര്‍ ശ്രദ്ധാപൂര്‍വം പരിശോധിക്കാന്‍ കോടതി കടപ്പെട്ടിരിക്കുന്നുവെന്ന് ബെഞ്ച് അറിയിച്ചു. ഒരു വ്യക്തിക്കെതിരെയോ പ്രത്യേകിച്ച് ഒരു കൂട്ടം ആളുകള്‍ക്കെതിരായോ ഇത്തരം തെറ്റായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചാല്‍ അവ കൃത്യമായി പരിശോധിക്കുവാനും സാധിക്കണമെന്ന് കോടതി പറഞ്ഞു.
കോടതിക്ക് കേസിന്‍റെ എല്ലാ ഘട്ടത്തിലും ഇടപെടാന്‍ അധികാരമുണ്ട്: വ്യക്തിപരമായ പകപോക്കലിന്‍റെ പേരിലാണ് ബലാത്സംഗ കേസിലെ പരാതിക്കാരന്‍ ഒരു വ്യക്തിയുടെ മേല്‍ ആരോപണമുന്നയിക്കുന്നതെങ്കില്‍ വ്യക്തമായ അന്വേഷണത്തിന് ശേഷം എഫ്‌ഐആര്‍ എല്ലാ രേഖകളോടും കൂടി തയ്യാറാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. സിആര്‍പിസിയുടെ വകുപ്പ് അല്ലെങ്കില്‍ ഭരണഘടനയുടെ അനുച്ഛേദം 226 പ്രകാരം കോടതിയുടെ അധികാര പരിധി കേസിന്‍റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ മാത്രം ഒതുങ്ങേണ്ടതല്ല. കേസിന്‍റെ ആരംഭം മുതല്‍ തന്നെ കോടതിക്ക് ഇടപെടാന്‍ അധികാരമുണ്ടെന്ന് ബെഞ്ച് പറഞ്ഞു.
ഉത്തര്‍ പ്രദേശിലെ സഹരന്‍പൂര്‍ ജില്ലയിലെ മിര്‍സാപൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ഒരു വ്യക്തിക്കെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങി രജിസ്‌റ്റര്‍ ചെയ്‌ത കേസുകള്‍ റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് പരമോന്നത നീതിപീഠത്തിന്‍റെ നിരീക്ഷണം. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വ്യക്തിക്കെതിരെ എഫ്‌ഐആറില്‍ യാതൊരു വിധ ആരോപണങ്ങളും ഉണ്ടായിരുന്നില്ലെന്ന് കോടതി അറിയിച്ചു. എഫ്‌ഐആറിലോ അന്വേഷണത്തിന്‍റെ ഏറ്റവും ഒടുവിലോ അല്ലെങ്കില്‍ അപ്പീലിലോ പ്രതിയെ കുറ്റക്കാരനാക്കുന്ന തരത്തില്‍ യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഇവിടെ നിയമവ്യവസ്ഥയുടെ ദുരുപയോഗമാണ് നടക്കുന്നതെന്ന് കോടതി ചൂണ്ടിക്കാണിച്ചു.
ഗ്യാൻവാപി പള്ളി പരിസരത്തെ സർവേയില്‍ സുപ്രീം കോടതി: അതേസമയം, ഗ്യാൻവാപി പള്ളി പരിസരത്ത് നടക്കുന്ന പുരാവസ്‌തു വകുപ്പിന്‍റെ ശാസ്‌ത്രീയ പരിശോധന സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഈ മാസം നാലിന് തള്ളിയിരുന്നു. സർവേ നടത്തുമ്പോൾ പള്ളിയുടെ ഘടനയ്‌ക്ക് യാതൊരു തരത്തിലുമുള്ള കേടുപാടുകളും സംഭവിക്കില്ലെന്ന് എ എസ് ഐ നൽകിയ ഉറപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതി ഉത്തരവ്.
17-ാം നൂറ്റാണ്ടിൽ ക്ഷേത്രം പൊളിച്ചാണോ പള്ളി പണിതതെന്ന് നിർണയിക്കാനാണ് പുരാവസ്‌തു വകുപ്പ് ശാസ്‌ത്രീയ പരിശോധന നടത്താൻ തീരുമാനിച്ചത്. ആവശ്യം ന്യായമാണെന്ന് കണ്ട അലഹബാദ് ഹൈക്കോടതി ഇതിന് അനുമതിയും നൽകിയിരുന്നു. ഇത് നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.
ഖനനം പാടില്ല: അതേസമയം, സർവേ നടത്തുമ്പോള്‍ യാതൊരുവിധ അധിനിവേശ പ്രവർത്തനങ്ങളും ഉണ്ടാകരുതെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. ഇതിന് പുറമെ അലഹബാദ് ഹൈക്കോടതി നിർദേശിച്ചത് പോലെ ശാസ്‌ത്രീയ പരിശോധനയ്‌ക്കായി ഖനനം നടത്തുകയോ കെട്ടിടം നശിപ്പിക്കുകയോ ചെയ്യാൻ പാടില്ലെന്നും സുപ്രീം കോടതി ആവർത്തിച്ചു.