രണഘട്ട്/പശ്ചിമ ബംഗാൾ: ഉപജീവനത്തിനായി കൊൽക്കത്ത റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് പാട്ടുപാടിയിരുന്ന റാണു മണ്ഡലിന്‍റെ ജീവിതം മാറി മറിഞ്ഞത് ഒറ്റ രാത്രി കൊണ്ടാണ്. റാണുവിന്‍റെ പാട്ട് മൊബൈലിൽ പകർത്തിയ ആരോ ഒരാൾ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും അത് വൈറലാവുകയുമായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട ബോളിവുഡ് ഗായകനും സംഗീത സംവിധായകനുമായ ഹിമേഷ് രേഷ്മിയ തന്‍റെ ചിത്രത്തിൽ റാണുവിന് പാടാൻ അവസരം നൽകുകയായിരുന്നു.
ഇപ്പോൾ ഗായികയുടെ ജീവിതം സിനിമയാക്കാൻ ഒരുങ്ങുകയാണ് ബോളിവുഡ് സംവിധായകൻ ഹൃഷികേശ് മണ്ഡൽ. 'മിസ് റാണു മരിയ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഇഷിക ഡേയാണ് റാണുവിന്‍റെ വേഷം ചെയ്യുന്നത്. റാണുവിന്‍റെ ജീവിതം മാറ്റി മറിച്ച ഹിമേഷ് രേഷമിയയുടെ വേഷം ആരാണ് അവതരിപ്പിക്കുന്നത് എന്നതിൽ ഇതുവരെ വ്യക്‌തത വന്നിട്ടില്ല.
ഹിമേഷ് തന്നെ വേഷം കൈകാര്യം ചെയ്യണമെന്നാണ് സംവിധായകന്‍റെയും ആവശ്യം. ആ വേഷം ചെയ്യാൻ ഹിമേഷിനോട് അഭ്യർഥിക്കാനുള്ള ഉത്തരവാദിത്വം റാണു തന്നെ ഏറ്റെടുത്തു. തുടർന്ന് റാണു തന്നെ ഹിമേഷിനോട് കഥാപാത്രം അവതരിപ്പിക്കാൻ അഭ്യർഥിച്ചുകൊണ്ട് ഒരു വീഡിയോ സന്ദേശം തയ്യാറാക്കുകയും അത് വാട്‌സ്ആപ്പ് വഴി ഗായകന് അയച്ച് കൊടുക്കുകയുമായിരുന്നു.
തന്‍റെ ജീവിതം പറയുന്ന സിനിമയിൽ റാണു രണ്ട് ഗാനങ്ങൾ ആലപിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ഏതാനും പാട്ടുകളുടെ റെക്കോഡിങും ഇതിനകം കഴിഞ്ഞിട്ടുണ്ട്. മെയ് 23ന് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കുമെന്ന് സംവിധായകൻ ഹൃഷികേശ് മണ്ഡൽ അറിയിച്ചു.