ഹൈദരാബാദ്: 41 തവണ രഞ്ജി ട്രോഫി ചാമ്പ്യൻമാരായ മുംബൈക്കെതിരെ ഫൈനലിൽ ഉജ്ജ്വല വിജയത്തോടെയാണ് മധ്യപ്രദേശ് തങ്ങളുടെ കന്നി കിരീടത്തിൽ മുത്തമിട്ടത്. ഫൈനലിൽ തോൽവി വഴങ്ങിയെങ്കിലും ടൂർണമെന്‍റിലുടനീളം അപരാജിത കുതിപ്പ് നടത്തിയ മുംബൈയുടെ സർഫറാസ് ഖാനാണ് ടൂർണമെന്‍റിലെ താരമായി മാറിയത്. രഞ്ജി ട്രോഫിയിലെ രസകരമായ ചില കണക്കുകൾ പരിശോധിക്കാം.
- സർഫറാസ് ഖാൻ vs ഡോൺ ബ്രാഡ്‌മാൻ
ടൂർണമെന്‍റിലെ മികച്ച പ്രകടനത്തിന്‍റെ പിൻബലത്തിൽ സാക്ഷാൽ ഡോണ്‍ ബ്രാഡ്‌മാനുമായി പോലും സർഫറാസിനെ പലരും താരതമ്യം ചെയ്യുകയുണ്ടായി. ആറ് മത്സരങ്ങളിൽ നിന്ന് 112.75 എന്ന ശരാശരിയിൽ 982 റണ്‍സാണ് സർഫറാസ് ഖാൻ ഈ സീസണിൽ സ്വന്തമാക്കിയത്. ഇതിൽ ഒരു ഡബിൾ സെഞ്ച്വറിയും നാല് സെഞ്ച്വറികളും രണ്ട് അർധ സെഞ്ച്വറികളും ഉൾപ്പെടും.
ഡോൺ ബ്രാഡ്‌മാനുമായി താരതമ്യം ചെയ്യുമ്പോൾ ഫസ്റ്റ്ക്ലാസിലെ ആദ്യത്തെ 37 ഇന്നിങ്സുകൾ പരിശോധിച്ചാൽ സർഫറാസ് ഖാൻ തന്നെയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 37 ഇന്നിങ്സുകളിൽ നിന്ന് 79.23 ശരാശരിയിൽ 2377 റൺസാണ് ബ്രാഡ്‌മാന്‍റെ സമ്പാദ്യം. എന്നാൽ 81.61 എന്ന ശരാശരിയിൽ 2530 റണ്‍സാണ് സർഫറാസ് അടിച്ചുകൂട്ടിയത്.
താരം | മത്സരങ്ങൾ | ഇന്നിങ്സ് | റണ്‍സ് | ആവറേജ് | 100/50 | ഉയർന്ന സ്‌കോർ | വർഷം |
ഡോൺ ബ്രാഡ്‌മാൻ | 20 | 7 | 2377 | 79.23 | 10/7 | 340* | ഡിസംബർ 1927- നവംബർ 1929 |
സർഫറാസ് ഖാൻ | 25 | 6 | 2530 | 81.61 | 8/7 | 301* | ഡിസംബർ 2014- ജൂണ്‍ 2022 |
എന്നാൽ തൊട്ടടുത്ത വർഷം ബ്രാഡ്‌മാൻ സൂപ്പർമാൻ മോഡിൽ ബാറ്റ് വീശി. തന്‍റെ 50 ഇന്നിങ്സ്(27 മത്സരങ്ങൾ) പൂർത്തിയായപ്പോൾ 90.04 ശരാശരിയിൽ 3692 റൺസ് ബ്രാഡ്‌മാന് സ്വന്തമാക്കാനായി. ഇതിൽ 14 സെഞ്ചുറികളും 10 അർധസെഞ്ചുറികളും അദ്ദേഹം സ്വന്തമാക്കി. 1930-ൽ ന്യൂ സൗത്ത് വെയിൽസിനായി ക്വീൻസ്‌ലാൻഡിനെതിരെ ഒരു മത്സരത്തിൽ 452* എന്ന സ്‌കോർ നേടി ബ്രാഡ്‌മാൻ റെക്കോഡും സ്ഥാപിച്ചിരുന്നു.
- ഒരു സീസണിൽ ഏറ്റവും അധികം സ്‌കോർ
വിവിഎസ് ലക്ഷ്‌മണാണ് രഞ്ജി ട്രോഫിയിൽ ഒരു സീസണിൽ ഏറ്റവുമധികം റണ്‍സ് നേടിയ താരം. 1999/2000 സീസണിൽ 1415 റണ്‍സാണ് ലക്ഷ്‌മണ്‍ അടിച്ചുകൂട്ടിയത്.
- ബിസിസിഐ ടൂർണമെന്‍റുകളിൽ മധ്യപ്രദേശിന്‍റെ റെക്കോഡ്
ഇത്തവണത്തെ രഞ്ജി ട്രോഫി ടൂർണമെന്‍റിന് മുൻപുവരെ ബിസിസിഐയുടെ ഒരു പ്രധാന ട്രോഫികളും സ്വന്തമാക്കിയിട്ടില്ല എന്ന നാണക്കേടിന്‍റെ റെക്കോഡിനുടമയായിരുന്നു മധ്യപ്രദേശ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയും വിജയ് ഹസാരെ ട്രോഫിയും ഇതുവരെ മധ്യപ്രദേശിന് സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. അതിനാൽ തന്നെ ഇത്തവണത്തെ രഞ്ജി ട്രോഫി വിജയം സംസ്ഥാന ക്രിക്കറ്റിന് ഒരു വലിയ ഉത്തേജനം തന്നെ നൽകും.
- രഞ്ജി ട്രോഫിയിൽ ഏറ്റവുമധികം കിരീടം
മുംബൈയാണ് രഞ്ജി ട്രോഫിയിൽ ഏറ്റവുമധികം കിരീടം നേടിയ ടീം. 41 തവണയാണ് മുംബൈ രഞ്ജി കിരീടം സ്വന്തമാക്കിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ടീമിനെക്കാൾ ബഹുദൂരം മുന്നിലാണ് മുംബൈ. രണ്ടാം സ്ഥാനത്തുള്ള കർണാടകയ്‌ക്ക് 8 കിരീടങ്ങളാണുള്ളത്.
- ഫൈനലിൽ മുംബൈയെ തോൽവിയിലേക്ക് നയിച്ച നായകൻമാർ
സീസണ് | എതിരാളി | നായകൻമാർ |
1947/48 | ഹോൾക്കർ | കെസി ഇബ്രാഹിം |
1979/80 | ഡൽഹി | സുനിൽ ഗവാസ്‌കർ |
1982/83 | കർണാടക | അശോക് മങ്കാദ് |
1990/91 | ഹരിയാന | സഞ്ജയ് മഞ്ജരേക്കർ |
2016/17 | ഗുജറാത്ത് | ആദിത്യ താരെ |
2021/22 | മധ്യപ്രദേശ് | പൃഥ്വി ഷാ |
- മധ്യപ്രദേശിന്‍റെ രഞ്ജി ഫൈനലുകൾ
രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിന്‍റെ രണ്ടാമത്തെ ഫൈനലാണ് ഇത്തവണത്തേത്. 1999ൽ കർണാടകക്കെതിരെയായിരുന്നു മധ്യപ്രദേശിന്‍റെ ആദ്യ ഫൈനൽ.