റാഞ്ചി: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ കേരളത്തിനെതിരെ ഇഷാൻ കിഷന്‍റെ വെടിക്കെട്ട് സെഞ്ച്വറിക്കും ജാർഖണ്ഡിനെ രക്ഷിക്കാനായില്ല. കേരളത്തിന്‍റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 475 റണ്‍സ് പിന്തുടർന്നിറങ്ങിയ ജാർഖണ്ഡ് 340ന് പുറത്താവുകയായുന്നു. ഇഷാൻ കിഷൻ (195 പന്തിൽ 132) റണ്‍സ് നേടി പുറത്തായി.
കേരളത്തിനായി ജലജ് സെക്‌സേന 75 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ബേസിൽ തമ്പി മൂന്ന് വിക്കറ്റും നേടി. ആദ്യ ഇന്നിങ്സിൽ 135 റണ്‍സിന്‍റെ നിർണായ ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 60 എന്ന നിലയിലാണ്. നിലവിൽ കേരളത്തിന് 195 റണ്‍സിന്‍റെ ലീഡുണ്ട്.
രോഹൻ പ്രേം(25), ഷോണ്‍ റോജർ(28) എന്നിവരാണ് ക്രീസിൽ. രോഹൻ കുന്നമ്മലിന്‍റെ (6) വിക്കറ്റാണ് കേരളത്തിന് നഷ്‌ടമായത്. മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 87 എന്ന നിലയിലാണ് ജാർഖണ്ഡ് മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. പിന്നാലെ ക്യാപ്റ്റൻ വിരാട് സിങ്ങിനെ (30) ജാർഖണ്ഡിന് നഷ്‌ടമായി.
കിഷൻ ക്രീസിലെത്തുമ്പോൾ നാല് വിക്കറ്റ് നഷ്‌ടത്തിൽ 114 എന്ന നിലയിലായിരുന്നു ജാർഖണ്ഡ്. എന്നാൽ കിഷനും സൗരഭ് തിവാരിയും ചേർന്ന് ജാർഖണ്ഡിനെ മികച്ച നിലയിലെത്തിക്കുകയായിരുന്നു. സെഞ്ച്വറിക്കരികെ സൗരഭ് തിവാരി(97) പുറത്തായപ്പോൾ ജാർഖണ്ഡ് 316 റണ്‍സ് നേടിയിരുന്നു.
പിന്നാലെ കിഷനും പുറത്തായതോടെ ജാർഖണ്ഡ് ചീട്ടുകൊട്ടാരം പോലെ തകർന്നു. 316-4 എന്ന നിലയിൽ നിന്ന് 340ന് ടീം ഓൾ ഔട്ട് ആവുകയായിരുന്നു.