വിനായക് ദാമോദർ സവർക്കറുടെ (വിഡി സവര്‍ക്കര്‍) ജീവിതം പ്രമേയമാക്കുന്ന സിനിമയുടെ ടീസര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. 'സ്വാതന്ത്ര്യ വീർ സവർക്കര്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടീസറാണ് അദ്ദേഹത്തിന്‍റ 140-ാം ജന്മവാർഷികത്തില്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടത്.
രാഷ്‌ട്രീയക്കാരനായും ആക്‌ടിവിസ്‌റ്റായും എഴുത്തുകാരനായുമുള്ള സവര്‍ക്കറുടെ ജീവിതയാത്രയാണ് 1.13 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ ദൃശ്യമാകുന്നത്. നടൻ രൺദീപ് ഹൂഡയാണ് സവര്‍ക്കറായി വേഷമിടുന്നത്.
- " class="align-text-top noRightClick twitterSection" data="">
രൺദീപ് ഹൂഡ തന്നെയാണ് സിനിമയുടെ സംവിധാനവും നിര്‍വഹിക്കുന്നത്. രണ്‍ദീപ് ഹൂഡയുടെ ആദ്യ സംവിധാന സംരംഭമാണ് 'സ്വാതന്ത്ര്യ വീർ സവർക്കർ'. 'മൺസൂൺ വെഡ്ഡിങ്' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച രൺദീപ് ഹൂഡ, 'വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ', 'സാഹെബ്, ബിവി ഔർ ഗ്യാങ്സ്‌റ്റർ', 'രംഗ് റസിയ', 'ജിസം 2', 'ഹൈവേ' തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ വളരെയധികം ജനപ്രീതി നേടിയിട്ടുണ്ട്.
തന്‍റെ ആദ്യ സംവിധാന സംരംഭത്തെ കുറിച്ചും സവര്‍ക്കറുടെ വേഷം ചെയ്യുന്നതിനെ കുറിച്ചും രണ്‍ദീപ് ഹൂഡ പ്രതികരിച്ചു. 'സവർക്കർ അവിശ്വസനീയമായ ഒരു ജീവിതമാണ് നയിച്ചിരുന്നത്, എന്‍റെ സിനിമയ്‌ക്കായി അദ്ദേഹത്തെ കുറിച്ച് ഞാന്‍ കൂടുതല്‍ ഗവേഷണം നടത്തുന്നതിനിടയിൽ എനിക്ക് അദ്ദേഹത്തെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞു. അദ്ദേഹത്തെ വളരെയധികം അഭിനന്ദിക്കാൻ വന്നിരിക്കുകയാണ് ഞാന്‍. അദ്ദേഹത്തിന്‍റെ 140-ാം ജന്മദിനത്തിൽ ഞങ്ങളുടെ സിനിമയുടെ ടീസര്‍ പുറത്തുവിടാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്' -രണ്‍ദീപ് ഹൂഡ പറഞ്ഞു.
ട്വിറ്റര്‍ ഹാന്‍ഡിലിലും രണ്‍ദീപ് തന്‍റെ സിനിമയുടെ വിശേഷങ്ങള്‍ പങ്കിട്ടു. 'ബ്രിട്ടീഷുകാർക്ക് ഏറ്റവും ആവശ്യമുള്ള ഇന്ത്യക്കാരൻ. നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ഖുദിറാം ബോസ് തുടങ്ങി വിപ്ലവകാരികൾക്ക് പിന്നിലെ പ്രചോദനം. ആരാണ് വീർ സവർക്കർ? അദ്ദേഹത്തിന്‍റെ യഥാർഥ കഥ റിലീസാകുമ്പോള്‍ കാണുക. 2023 ല്‍ തന്നെ 'സ്വാതന്ത്ര്യ വീർ സവർക്കര്‍' തിയേറ്ററുകളില്‍ എത്തും.
സിനിമയില്‍ രണ്‍ദീപ് ഹൂഡയ്‌ക്കൊപ്പം നടി അങ്കിത ലോഖണ്ഡേയും അഭിനയിക്കും. 'പവിത്ര രിഷ്‌ത' എന്ന സിനിമയിലൂടെയാണ് അങ്കിത പ്രശസ്‌തിയാര്‍ജിച്ചത്. ചരിത്രത്തിൽ എവിടെയൊക്കെയോ വീര്‍ സവര്‍ക്കറെ പലരും തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തെയും അദ്ദേഹത്തിന്‍റ സംഭാവനകളെയും കുറിച്ചുള്ള വസ്‌തുതകള്‍ സിനിമയിലൂടെ പുറത്തുവകൊണ്ടു വരുമെന്നും സംവിധായകന്‍ സന്ദീപ് സിങ് പറയുന്നു.
'ലോകമെമ്പാടുമുള്ള ആളുകൾ വീര്‍ സവര്‍ക്കറെ തെറ്റിദ്ധരിക്കുന്നത് തുടരുന്നു. കാരണം അറിയില്ലെങ്കിലും അദ്ദേഹം മാപ്പ് പറയണമെന്ന് അവർ ആഗ്രഹിച്ചു, ഇപ്പോഴും അവരത് ആഗ്രഹിക്കുന്നു. എനിക്ക് അങ്ങനെയാണ് മനസിലാകുന്നത്. ഞാന്‍ അതില്‍ ഉറച്ചു നിൽക്കുകയും ചെയ്യുന്നു. ചരിത്രം തിരുത്താന്‍ കഴിയില്ല. കഴിഞ്ഞ കാലങ്ങളിൽ സംഭവിച്ച സംഭവങ്ങളും മാറ്റാന്‍ കഴിയില്ല. അദ്ദേഹത്തിന്‍റെ കാലത്തെ ഏറ്റവും വലിയ സ്വാതന്ത്ര്യ സമര സേനാനികളില്‍ ഒരാളെ കുറിച്ച് സിനിമയെടുക്കാൻ അവസരം ലഭിച്ചതിൽ എനിക്ക് അഭിമാനവും നന്ദിയും തോന്നുന്നു' -സംവിധായകന്‍ സന്ദീപ് സിങ് പറഞ്ഞു.
ഉത്‌കര്‍ഷ് നൈതാനിക്കൊപ്പം സംവിധായകന്‍ രണ്‍ദീപ് ഹൂഡയാണ് സിനിമയുടെ രചന നിര്‍വഹിക്കുന്നത്. ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്‌ചേഴ്‌സ്, രൺദീപ് ഹൂഡ ഫിലിംസ്, ലെജൻഡ് സ്‌റ്റുഡിയോസ്, അവക് ഫിലിംസ് എന്നീ ബാനറുകളില്‍ ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിങ്, രൺദീപ് ഹൂഡ, സാം ഖാൻ, യോഗേഷ് രഹർ എന്നിവർ ചേർന്നാണ് സ്വാതന്ത്ര്യ വീർ സവർക്കറുടെ നിർമാണം.
അതേസമയം രൂപ പണ്ഡിറ്റ്, ഇഷാൻ ദത്ത, രാഹുൽ വി ദുബെ എന്നിവർ ചേര്‍ന്നാണ് സഹ നിർമാണം. ചിത്രത്തിന്‍റെ പ്രധാന ഭാഗങ്ങളുടെ ഷൂട്ടിങ് ഏകദേശം പൂർത്തിയാക്കി. 'സ്വാതന്ത്ര്യ വീർ സവർക്കര്‍' സിനിമയെ ഈ വർഷം തിയേറ്ററുകളിൽ എത്തിക്കാനാണ് നീക്കം.
Also Read: ദി ഇന്ത്യ ഹൗസ് : നിര്‍മാണ രംഗത്ത് അരങ്ങേറ്റം കുറിച്ച് രാം ചരണ്‍ ; പുതിയ സിനിമയുടെ പ്രഖ്യാപനം