ഹൈദരാബാദ്: റാമോജി ഫൗണ്ടേഷൻ നിർമിക്കുന്ന അബ്‌ദുല്ലപർമേട്ട് പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം നടന്നു. റാമോജി ഫൗണ്ടേഷൻ എംഡി വിജയേശ്വരി, മന്ത്രിമാരായ സബിത ഇന്ദ്രറെഡ്ഡി, എറബെല്ലി ദയകർ റാവു തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ശിലാസ്ഥാപന ചടങ്ങുകൾ നടന്നത്.
റാമോജി ഫൗണ്ടേഷന്‍റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി പ്രോഗ്രാമിന്‍റെ ഭാഗമായാണ് പൊലീസ് സ്റ്റേഷൻ പണികഴിക്കുന്നത്. ഏകദേശം രണ്ട് കോടി രൂപയാണ് റാമോജി ഫൗണ്ടേഷൻ ചെലവഴിക്കുന്നത്.
നിരവധി സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന റാമോജി ഫൗണ്ടേഷന്‍റെ ഏറ്റവും പുതിയ സംരംഭമാണ് അബ്‌ദുല്ലപർമേട്ട് പൊലീസ് സ്റ്റേഷൻ നിർമാണം. റാമോജി ഫിലിം സിറ്റിയ്ക്കടുത്ത് ദേശീയപാതയോടെ ചേർന്നാണ് അത്യാധുനിക കെട്ടിടത്തിന് തറക്കല്ലിട്ടത്.
Also Read: രാജ്യത്ത് ആദ്യം ; ചലിക്കുന്ന ശുദ്ധജല തുരങ്ക അക്വേറിയം ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ
കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി എംപി, മഞ്ചിറെഡ്ഡി കിഷൻ റെഡ്ഡി എംഎൽഎ, രചകൊണ്ട പൊലീസ് കമ്മിഷണർ മഹേഷ് ഭഗവത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. റാമോജി ഫൗണ്ടേഷന്‍റെ സാമൂഹിക പ്രവർത്തനങ്ങളെ മന്ത്രിമാർ പ്രശംസിക്കുകയും സർക്കാരിനെ പ്രതിനിധീകരിച്ച് ഫൗണ്ടേഷന് നന്ദി അറിയിക്കുകയും ചെയ്‌തു.
2017 ഒക്‌ടോബർ 11ന് സ്ഥാപിതമായ അബ്‌ദുല്ലപർമേട്ട് പൊലീസ് സ്റ്റേഷൻ ദേശീയപാതയോട് ചേർന്നുള്ള ഒരു താത്ക്കാലിക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ച് വന്നിരുന്നത്. ഈ സാഹചര്യത്തിലാണ് ആത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമിക്കാനായി റാമോജി ഫൗണ്ടേഷൻ മുന്നോട്ട് വന്നിരിക്കുന്നത്.
കെട്ടിടത്തിന്‍റെ പണി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കി പൊലീസ് വകുപ്പിന് കൈമാറാനാണ് ഫൗണ്ടേഷൻ ലക്ഷ്യം വയ്ക്കുന്നത്. 9,000 ചതുരശ്ര അടിയിലാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്.