ഹൈദരാബാദ്: റാമോജി ഫിലിം സിറ്റി ഫെബ്രുവരി 18 മുതല്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറക്കുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ തെലങ്കാനയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഫിലിം സിറ്റി മാസങ്ങളായി പ്രവര്‍ത്തിച്ചിരുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചമായ റാമോജി ഫിലിം സിറ്റിയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് ആകര്‍ഷകമായ കാഴ്‌ചകളാണ്. സഞ്ചാരികള്‍ക്ക് മികച്ച വിനോദാനുഭവം പ്രദാനം ചെയ്യുന്ന ഫിലിം സിറ്റിയില്‍ സിനിമാ ലൊക്കേഷനുകളും, ലണ്ടന്‍ വീഥികള്‍, മൂഗള്‍ ഗാര്‍ഡന്‍ തുടങ്ങി രാജ്യത്തെയും വിദേശങ്ങളിലെയും പ്രധാന കേന്ദ്രങ്ങളൊക്കെയും പുനസൃഷ്‌ടിച്ചിരിക്കുന്നു. അതി മനോഹരങ്ങളായ പൂന്തോട്ടങ്ങളും, ഗെയിമുകളും, റൈഡുകളും, ലൈവ് സ്റ്റഡ് ഷോയും തുടങ്ങി റാമോജി ഫിലിം സിറ്റി വിനോദ സഞ്ചാരികളെ അതിശയിപ്പിക്കുന്നു.
എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ഫിലിം സിറ്റി പ്രവര്‍ത്തിക്കുക. പ്രധാന കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കിയും സാമൂഹിക അകലം ഉറപ്പുവരുത്തിയുമായിരിക്കും ഫിലിം സിറ്റിയുടെ പ്രവര്‍ത്തനം. സുരക്ഷാ മാനദണ്ഡങ്ങളില്‍ പരിശീലനം ലഭിച്ച ഗൈഡുകളാണ് ടൂറിസ്റ്റുകളെ അനുഗമിക്കുക.