ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് വെള്ളിയാഴ്ച രാജ്യത്തുടനീളമുള്ള വിദ്യാർഥികളുമായി സംവദിക്കും. സിബിഎസ്ഇ ബോർഡ് പരീക്ഷകളുടെ വിലയിരുത്തലുമായി ബന്ധപ്പെട്ട ആശങ്കകൾ ചർച്ച ചെയ്യുന്നതിനാണ് സംവാദം.
വിദ്യാർഥികൾക്ക് ആശങ്ക അറിയിക്കാം
"സിബിഎസ്ഇ ബോർഡ് പരീക്ഷകളുടെ മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട ആശങ്കകളും ചോദ്യങ്ങളും ചർച്ച ചെയ്യാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നു. വെള്ളിയാഴ്ച് വൈകിട്ട് 4 മണിക്ക് വിദ്യാർഥികളുമായി സംവദിക്കും. നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ അവ ട്വിറ്ററിലൂടെയോ അല്ലെങ്കിൽ ജൂൺ 25 ഉച്ചയോടെ ഫേസ്ബുക്കിലൂടെയോ പങ്കുവയ്ക്കാം", രമേശ് പൊഖ്രിയാൽ നിഷാങ്ക് ട്വിറ്ററിൽ കുറിച്ചു.
സിബിഎസ്ഇ, ഐസിഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയ തീരുമാനത്തിൽ മാറ്റമില്ലെന്ന് സുപ്രീംകോടതി നേരത്തെ അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
നിലവിലത്തെ മൂല്യ നിർണ്ണയത്തിൽ ക്രമക്കേടിന് സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി നിരവധി ഹർജികളാണ് കോടതിക്കു മുന്നിലുള്ളത്. എതിർപ്പുകൾ പരിശോധിക്കാമെന്ന് കോടതി പറഞ്ഞു. എന്നാൽ പരീക്ഷ റദ്ദാക്കിയ തീരുമാനത്തിൽ മാറ്റമില്ലെന്നും കോടതി വ്യക്തമാക്കി.
മൂല്യനിർണയം മൂന്ന് വർഷത്തെ മാർക്ക് പരിഗണിച്ച്
പരീക്ഷ റദ്ദാക്കിയ പശ്ചാത്തലത്തിൽ മൂല്യനിർണ്ണയത്തിനായി മൂന്ന് വർഷത്തെ മാർക്കാണ് പരിഗണിക്കുന്നത്. ഈ മാർക്കിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾക്ക് അവസരം നൽകണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു.
"സിബിഎസ്ഇയുടേയും ഐസിഎസ്സിയുടേയും മൂല്യ നിർണ്ണയത്തെ ഒരുപോലെ കാണരുതെന്ന് കോടതി പറഞ്ഞു. രണ്ട് വ്യത്യസ്ത മാർഗങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും കോടതി വ്യക്തമാക്കി", ജസ്റ്റിസ് എ എം ഖാൻവിൽക്കർ, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് പ്രതികരിച്ചിരുന്നു..
കോടതിക്ക് നന്ദി
സുപ്രീം കോടതിയുടെ ഈ തീരുമാനത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും സ്വാഗതം ചെയ്തിരുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ ഫലങ്ങൾ തയ്യാറാക്കാൻ സിബിഎസ്ഇയുടെ നയവും നടപടിക്രമവും ശുപാർശ ചെയ്തതിന് സുപ്രീം കോടതിക്ക് നന്ദി! വിദ്ഗദ സമിതിയുടെ നിർദേശ പ്രകാരമാണ് സിബിഎസ്ഇ ഈ തീരുമാനം എടുത്തതെന്നും പൊഖ്രിയാൽ പറഞ്ഞിരുന്നു.
ഫലങ്ങളിൽ തൃപ്തരാല്ലാത്ത വിദ്യാർഥികൾക്ക് പിന്നീട് പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചിരുന്നു. ഇത് സിബിഎസ്ഇയും വ്യക്തമാക്കിയിരുന്നു. വിദ്യാർഥികളുടെ ഭാവിയിൽ കേന്ദ്രം പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി പറഞ്ഞിരുന്നു.
Also Read: സിബിഎസ്ഇ 10,പ്ലസ്ടു ഫലങ്ങൾ ജൂലൈ 30നകം
"പത്താം ക്ലാസിലെ മൂന്ന് മികച്ച തിയറി മാർക്കുകളുടെ ശരാശരി, പതിനൊന്നാം ക്ലാസ് തിയറിയുടെ 30 ശതമാനം, പന്ത്രണ്ടാം ക്ലാസ്സിന് 40 ശതമാനം വെയിറ്റേജ് എന്നിങ്ങനെയാണ് മൂല്യനിർണയത്തിന് ഉപയോഗിക്കുക. പന്ത്രണ്ടാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷയുടെ മുഴുവൻ മാർക്കും വിദ്യാർഥികൾക്ക് നൽകും", പൊഖ്രിയാൽ പറഞ്ഞു.
പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷ ഫലങ്ങൾ ജൂലൈ 31 നകം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഈ അറിയിച്ചു. ജൂലൈ 20നകം പത്താംക്ലാസ് ഫലവും ജൂലൈ 31നകം പന്ത്രണ്ടാം ക്ലാസ് ഫലവും പ്രഖ്യാപിക്കുമെന്നാണ് സിബിഐസ്ഇ അറിയിപ്പ്.