റായ്പൂർ: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് രമണ്‍ സിങ്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നക്സല്‍ ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിക്കുകയും കൊവിഡ് നിരക്ക് വന്‍ തോതില്‍ ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അസമില്‍ തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് വിമര്‍ശനം.
റോം കത്തിക്കൊണ്ടിരിക്കുമ്പോൾ നീറോ ചക്രവര്‍ത്തി പുല്ലാങ്കുഴൽ വായിക്കുന്നതിനു തുല്യമാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിന്‍റെ പ്രവര്‍ത്തിയെന്ന് രമണ്‍ സിങ് ഉന്നയിച്ചു. ''കുറഞ്ഞത് 22 സൈനികർക്ക് ജീവൻ നഷ്ടപ്പെടുകയും 30 ലധികം പേര്‍ക്ക് പരിക്കേൽക്കുകയും കൊവിഡ് മരണനിരക്ക് ഉയരുകയും ചെയ്യുന്ന ഒരു ഘട്ടത്തിൽ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്കിലാണ്. റോം കത്തുന്നു, നീറോ പുല്ലാങ്കുഴൽ വായിക്കുന്നു''. രമണ്‍ സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരായ ഇത്തരം നിർഭാഗ്യകരമായ ആക്രമണത്തിനുശേഷം ബിജാപൂരിലേക്ക് പോകാനും സേനയുടെ മനോവീര്യം വർധിപ്പിക്കാനും മരണമടഞ്ഞ സൈനികരുടെ കുടുംബങ്ങളിലേക്ക് എത്തിച്ചേരാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി ചിന്തിച്ചിരുന്നില്ല. ഇത് അവിശ്വസനീയമാണ്''. ബിജെപി നേതാവ് പറഞ്ഞു.