ന്യൂഡൽഹി : രാജ്യവ്യാപകമായുണ്ടായ അക്രമ പ്രവർത്തനങ്ങളിൽ പങ്കുള്ളതായി ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി.എഫ്.ഐ) നിരോധിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീക്കം നടത്തുന്നു. ഏപ്രിൽ 10 ന് രാമനവമി ഘോഷയാത്രയ്ക്കിടെ നിരവധി സംസ്ഥാനങ്ങളിൽ നടന്ന അക്രമ സംഭവങ്ങളില്‍ പി.എഫ്.ഐയുടെ പങ്ക് ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോര്‍ട്ടില്‍ ഇന്‍റലിജൻസ് ഏജൻസികൾ ചൂണ്ടിക്കാട്ടി. ഇതേതുടര്‍ന്നാണ് മന്ത്രാലയം ഈ നീക്കം നടത്തുന്നത്.
പി.എഫ്.ഐ ശക്തിപ്പെടുന്നതായി റിപ്പോര്‍ട്ട് : മധ്യപ്രദേശ്, രാജസ്ഥാൻ, ഗോവ, ഗുജറാത്ത്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അക്രമ സംഭവങ്ങളുണ്ടായത്. ഇവിടെ നടന്ന സംഭവങ്ങളിൽ പി.എഫ്.ഐയുടെ പങ്ക് വ്യക്തമാക്കുന്ന രഹസ്യാന്വേഷണ റിപ്പോർട്ട് ഉദ്ധരിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രാജ്യത്തിന്‍റെ പല മേഖലകളിലും പി.എഫ്.ഐ കൈവരിക്കുന്ന വളർച്ചയെക്കുറിച്ചും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
അങ്ങനെ എന്‍.ഡി.എഫ് പോപ്പുലര്‍ ഫ്രണ്ടായി : നാഷണൽ ഡെവലപ്‌മെന്‍റ് ഫ്രണ്ട് (എൻ.ഡി.എഫ്), തമിഴ്‌നാട് ആസ്ഥാനമായുള്ള മനിത നീതി പസാരൈ, കർണാടക ആസ്ഥാനമായുള്ള ഫോറം ഫോർ ഡിഗ്നിറ്റി എന്നിവയുൾപ്പെടെ നിരവധി സംഘടനകള്‍ ലയിച്ച് 2006-ൽ രൂപീകരിച്ച സംഘടനയാണ് പി.എഫ്.ഐ. തുടക്കത്തിൽ കേരളം, തമിഴ്‌നാട്, കർണാടക തുടങ്ങിയ ഏതാനും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു പ്രവര്‍ത്തനം. നിലവില്‍ ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, അസം എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ സംഘടന അടിത്തറ സ്ഥാപിച്ചു.
'വിദ്വേഷ ഘോഷയാത്ര'യാക്കി സംഘപരിവാര്‍ : അതേസമയം, രാമനവമി ഘോഷയാത്രക്കിടെ നിരവധി സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ ആക്രമണം നടത്തുകയുണ്ടായി. മധ്യപ്രദേശ്, ഗുജറാത്ത്, ബംഗാൾ, ഡൽഹി എന്നിവിടങ്ങളിലെല്ലാം പലതരത്തിലുള്ള അക്രമസംഭവങ്ങളും സംഘർഷങ്ങള്‍ക്കുമാണ് സംഘപരിവാര്‍ നേതൃത്വം നല്‍കിയത്. മുസ്‌ലിം പള്ളികൾക്കുമുൻപിൽ ഘോഷയാത്ര നിർത്തുകയും വിദ്വേഷ മുദ്രാവാക്യങ്ങളും ഗാനങ്ങളും മുഴക്കി.
മുസ്‌ലിം ആരാധനാലയങ്ങള്‍ക്ക് മുകളില്‍ കയറി സംഘപരിവാര്‍ സംഘടനകള്‍ കാവി പതാക ഉയര്‍ത്തുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിരവധി മുസ്‌ലിം വ്യാപാരികളുടെ കച്ചവട സ്ഥാപനങ്ങള്‍ തകര്‍ത്തതിന്‍റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു.
രാമനവമി ദിനത്തിൽ മധ്യപ്രദേശിൽ നടന്ന സംഘർഷത്തിൽ ജയില്‍ ശിക്ഷ അനുഭവിക്കുന്ന യുവാക്കളെ പ്രതികളാക്കിയതും വിവാദമായി. മോട്ടോർ ബൈക്ക് കത്തിച്ച കേസിൽ ഒരു മാസമായി ജയിലിൽ കഴിയുന്ന മൂന്ന് യുവാക്കളെയാണ് പൊലീസ് പ്രതിചേർത്തത്.