ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിന്‍റെ ശ്രീകോവിലിൽ സ്ഥാപിക്കാനുള്ള രാംലല്ല (ശ്രീരാമന്‍റെ കുട്ടിക്കാലത്തെ രൂപം) വിഗ്രഹത്തിന് അന്തിമരൂപമായി. കർണാടകയിൽ നിന്നുള്ള ശിൽപിയായ യോഗിരാജ് അരുണിന്‍റെ നിർമിതിയാണ് തെരഞ്ഞെടുത്തത് (Ram Lalla to be installed in Ayodhya temple). ജനുവരി 22 ന് നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠാ ചടങ്ങിൽ വിഗ്രഹം ക്ഷേത്രത്തിന്‍റെ ശ്രീകോവിലിൽ സ്ഥാപിക്കും.
ഹനുമാന്‍റെ നാട്ടിൽ നിന്നുള്ള ഒരു പ്രശസ്‌ത ശിൽപി ജനുവരി 22 ന് രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠാ ചടങ്ങിൽ തന്‍റെ നിർമിതി സമർപ്പിച്ച് അഭിമാനിതനാകുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഇന്നലെ സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു. ഹനുമാന്‍റെ ജന്മസ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്ന സംസ്ഥാനത്ത് നിന്നുള്ള ശിൽപി കൊത്തിയെടുത്ത വിഗ്രഹം തിരഞ്ഞെടുത്തത് രാമനും ഹനുമാനും തമ്മിലുള്ള ബന്ധത്തിന്‍റെ ഉദാഹരണമാണെന്നും ജോഷി എക്‌സിൽ കുറിച്ചു.
അയോധ്യ ക്ഷേത്രത്തിൽ സ്ഥാപിക്കാനുള്ള രാംലല്ല വിഗ്രഹത്തിന്‍റെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയതായും നമ്മുടെ രാജ്യത്തിന്‍റെ അഭിമാനമായ പ്രശസ്‌ത ശിൽപി യോഗിരാജ് അരുണിന്‍റെ നിർമിതിയാണ് തെരഞ്ഞെടുത്തതെന്നും, ഇത് ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠാ ചടങ്ങിൽ സ്ഥാപിക്കുമെന്നും പ്രഹ്ലാദ് ജോഷി എക്‌സിൽ പറഞ്ഞു.
ഇത് തനിക്കും കുടുംബത്തിനും ഏറ്റവും സന്തോഷകരമായ നിമിഷമാണെന്നും മകൻ രാംലല്ലയെ കൊത്തിയെടുക്കുന്നത് കാണാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും അരുണിന്‍റെ അമ്മ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി അയോധ്യയിൽ സ്ഥാപിക്കുന്ന ദിവസം തന്നെ കൊണ്ടുപോവാമെന്ന് അരുൺ പറഞ്ഞതായും അമ്മ പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ (Ayodhya temple) നിർമ്മാണത്തിന്‍റെയും നടത്തിപ്പിന്‍റെയും ചുമതലയുള്ളത് ശ്രീരാമജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റിനാണ്. മൂന്ന് ശിൽപികളുടെ രൂപകൽപനകൾ ട്രസ്റ്റിന്‍റെ പരിഗണനയിൽ ഉണ്ടായിരുന്നു. 51 ഇഞ്ച് ഉയരമുള്ള അഞ്ച് വയസ്സുള്ള രാമന്‍റെ കുട്ടിക്കാലം പ്രതിഫലിപ്പിക്കുന്നതാണ് രാംലല്ല വിഗ്രഹം.
പരിഗണനയിലുള്ളതിൽ ഏറ്റവും ദൈവികമായ രൂപമാവും പ്രതിഷ്‌ഠാ ചടങ്ങിനായി തെരഞ്ഞെടുക്കുകയെന്ന് വിഗ്രഹം തിരഞ്ഞെടുക്കുന്നതിനായുള്ള മാനദണ്ഡമായി ശ്രീ രാം ജന്മഭൂമി തീർഥക്ഷേത്ര സെക്രട്ടറി ചമ്പത്ത് റായ് മുൻപ് പറഞ്ഞിരുന്നു. ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
സമൂഹത്തിന്‍റെ വിവിധ മേഖലകളിലുള്ള പ്രമുഖർക്ക് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. പരിപാടിയുടെ ഒരുക്കങ്ങൾ നടന്നുവരികയാണ്. രാംലല്ലയുടെ പ്രാൺ പ്രതിഷ്‌ഠ ചടങ്ങിന് മുന്നോടിയായുള്ള വൈദിക ചടങ്ങുകൾ ജനുവരി 16 ന് ആരംഭിക്കും. രാംലല്ലയുടെ സ്ഥാനാരോഹണ ചടങ്ങിന്‍റെ പ്രധാന കർമങ്ങൾ വാരണാസിയിൽ നിന്നുള്ള പുരോഹിതൻ ലക്ഷ്‌മി കാന്ത് ദീക്ഷിത് നിർവഹിക്കും.
ജനുവരി 14 മുതൽ ജനുവരി 22 വരെ അയോധ്യയിൽ പരിപാടികൾ ഉണ്ടായിരിക്കും. മഹായാഗത്തിൽ ആയിരക്കണക്കിന് ഭക്തർക്ക് അന്നദാനം നൽകും. മഹാഭിഷേകത്തിനായി എത്തുന്ന ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് അയോധ്യയിൽ വിശ്രമ കേന്ദ്രങ്ങളെരുക്കും. 10,000 മുതൽ 15,000 പേരെ വരെ ഉൾക്കൊള്ളാവുന്ന രീതിയിൽ സൗകര്യമൊരുക്കുമെന്ന് ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് അറിയിച്ചു.