മുംബൈ: പൊതുയിടത്തില്‍ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചതിന് ബോളിവുഡ് താരം രാഖി സാവന്തിനും അഭിഭാഷക ഫാൽഗുനി ബ്രഹ്മഭട്ടിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് മുംബൈ പൊലീസ്. നടി ഷെര്‍ലിന്‍ ചോപ്രയുടെ പരാതിയിലാണ് രാഖിക്കും അവരുടെ അഭിഭാഷകയ്‌ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. വാര്‍ത്ത സമ്മേളനത്തില്‍ ആക്ഷേപകരമായ വീഡിയോ പ്രദര്‍ശിപ്പിക്കുകയും തനിക്കെതിരെ സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുകയും ചെയ്‌തുവെന്നാണ് ഷെര്‍ലിന്‍ ചോപ്രയുടെ പരാതി.
രാഖി സാവന്തിനും ഫാല്‍ഗുനി ബ്രഹ്മഭട്ടിനുമെതിരെ ഐടി നിയമത്തിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. അതേസമയം ഷെര്‍ലിന്‍ ചോപ്രയ്ക്കെതിരെ രാഖി സാവന്തും പരാതി നല്‍കിയിട്ടുണ്ട്. കാമുകനുമായി പിരിഞ്ഞ സംഭവത്തില്‍ തന്നെ കുറ്റപ്പെടുത്തിക്കൊണ്ട് ഷെര്‍ലിന്‍ യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും വീഡിയോ അപ്‌ലോഡ് ചെയ്‌തു എന്നാരോപിച്ചാണ് രാഖി, ഷെര്‍ലിന്‍ ചോപ്രയ്ക്കെതിരെ മുംബൈയിലെ ഓഷിവാര പൊലീസ് സ്‌റ്റേഷനിൽ പരാതി നല്‍കിയത്.
പരാതിയെ തുടര്‍ന്ന് നടി ഷെര്‍ലിന്‍ ചോപ്രയ്ക്കെതിരെ ഐപിസി 500, 504, 506, 509 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. നവംബര്‍ 6ന് ഷെര്‍ലിന്‍ ചോപ്ര പങ്കുവച്ച വീഡിയോയിലാണ് തനിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശമുള്ളതെന്ന് രാഖി സാവന്ത് പരാതിയില്‍ പറയുന്നു. ഷെര്‍ലിന്‍ വീഡിയോ പങ്കുവച്ചതിന് പിന്നാലെ തന്‍റെ സ്വകാര്യ ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങളുണ്ടായെന്നും രാഖി സാവന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
''അവള്‍ എന്നെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ കാരണം എനിക്ക് നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. എനിക്ക് പത്ത് കാമുകന്‍മാര്‍ ഉണ്ടെന്ന് ഷെര്‍ലിന്‍ പറഞ്ഞതില്‍ സത്യമുണ്ടോയെന്ന് എന്‍റെ കാമുകന്‍ എന്നോട് ചോദിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ അവള്‍ തോന്നിയതെല്ലാം വിളിച്ച് പറഞ്ഞു, അതിനെല്ലാം ഞാനാണ് അനുഭവിക്കുന്നത്,'' രാഖി സാവന്ത് പറഞ്ഞു.
'ഞങ്ങളുടെ പോരാട്ടം ചൂഷകർക്കെതിരെയാണ്. നീതി തേടാനുള്ള ഭരണഘടനാപരമായ അവകാശം ഞങ്ങൾക്കുണ്ട്. ഈ അവകാശം ഞങ്ങളിൽ നിന്ന് ആർക്കും എടുത്തുകളയാനാവില്ല. നഗ്നത എന്നാല്‍ സമ്മതം എന്നല്ല, വിവസ്‌ത്രയാകുക എന്നത് ഒരു ഓപ്‌ഷന്‍ അല്ല,' രാഖിയുടെ പരാതിക്ക് പിന്നാലെ ഷെര്‍ലിന്‍ ചോപ്ര സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സാജിദ് ഖാനെ പിന്തുണച്ച് രാഖി: മീടൂ ആരോപണ വിധേയനായ നിര്‍മാതാവും സംവിധായകനുമായ സാജിദ് ഖാനും വ്യവസായി രാജ് കുന്ദ്രയ്ക്കും എതിരെ ഷെര്‍ലിന്‍ ചോപ്ര നേരത്തെ പരാതി നല്‍കിയിരുന്നു. ഇരുവരെയും പിന്തുണച്ചുകൊണ്ട് രാഖി സാവന്ത് രംഗത്ത് എത്തിയതോടെയാണ് ഷെര്‍ലിന്‍ ചോപ്രയുമായുള്ള വാക്ക് തര്‍ക്കം തുടങ്ങുന്നത്.
ഓണ്‍ലി ഫാന്‍സ് എന്ന സ്‌ട്രീമിങ് സൈറ്റില്‍ ഷെര്‍ലിന്‍ ചോപ്രയെ വിമര്‍ശിച്ച് രാജ് കുന്ദ്ര സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ഇട്ടിരുന്നു. 'ധനം സമ്പാദിക്കാനായി അവള്‍ അശ്ലീല കണ്ടന്‍റുകള്‍ നിര്‍മിക്കുകയാണ്. അശ്ലീലതയെ കുറിച്ചും സ്‌ത്രീകളുടെ അവകാശങ്ങളെ കുറിച്ചും സംസാരിക്കുന്ന അവള്‍ നിര്‍മിക്കുന്നത് അശ്ലീല വീഡിയോ ആണ്. അവള്‍ സമൂഹത്തിന് ഭീഷണിയാണ്, ഉടനെ അറസ്റ്റ് ചെയ്യണം,' രാജ് കുന്ദ്ര കുറിച്ചു.
ഷെര്‍ലിന്‍ ചോപ്രയ്ക്കെതിരെ മാനനഷ്‌ട കേസ്: 2021 ഒക്‌ടോബറില്‍ വഞ്ചനയ്ക്കും മാനസിക പീഡനത്തിനും രാജ് കുന്ദ്രയ്ക്കും ഭാര്യ ശിൽപ ഷെട്ടിക്കുമെതിരെ ഷെർലിൻ ചോപ്ര പരാതി നൽകിയിരുന്നു. രാജിന്‍റെ കമ്പനിക്ക് വേണ്ടി താന്‍ അശ്ലീല വീഡിയോകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും അത് രാജ് മുതലെടുത്തുവെന്നുമാണ് നടി ആരോപിച്ചത്.
കേസില്‍ 2021 ജൂലൈയിൽ രാജ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. സെപ്‌റ്റംബറില്‍ രാജിന് ജാമ്യം ലഭിച്ചു. തുടര്‍ന്ന് ഷെര്‍ലിനെതിരെ 50 കോടി രൂപയുടെ മാനനഷ്‌ട കേസ് ഫയല്‍ ചെയ്‌ത രാജും ശില്‍പയും നടി പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.