ന്യൂഡല്‍ഹി: കര്‍ഷകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മാപ്പ് ആവശ്യപ്പെടുന്നില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രകേഷ് ടികായത്ത്. അന്താരാഷ്ട്ര തലത്തില്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ നഷ്ടപ്പെടാൻ കര്‍ഷകര്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തില്‍ കൂടുതല്‍ നീണ്ട കര്‍ഷക പ്രതിഷേധത്തിന് വഴിവച്ച മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പിന്‍വലിച്ചതിന് പിന്നാലെയാണ് രാകേഷ് ടികായത്തിന്‍റെ പ്രസ്താവന.
"ഞങ്ങള്‍ പ്രധാനമന്ത്രിയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നില്ല. ആഗോളതലത്തില്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ ഇടിയണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. കര്‍ഷകര്‍ക്കിടയില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കിയതിന് ശേഷമേ ഏത് തീരുമാനവും എടുക്കുകയുള്ളൂ. വളരെ സത്യസന്ധമായി വിളയുല്‍പ്പാദിപ്പിക്കുന്നവരാണ് കര്‍ഷകര്‍. എന്നാല്‍ ഈ കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കേട്ടില്ല", രാകേഷ് ടിക്കായത്ത് പറഞ്ഞു.
റദ്ദാക്കപ്പെട്ട കാര്‍ഷിക നിയമങ്ങളെകുറിച്ച് ഈയിടെ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംങ് തോമര്‍ നടത്തിയ വിവാദ പ്രസ്താവനയോടും ടിക്കായത്ത് പ്രതികരിച്ചു. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാനും പ്രധാനമന്ത്രിയെ നാണം കെടുത്താനുമുദ്ദേശിച്ചാണ് തോമറിന്‍റെ പ്രസ്താവനയെന്ന് ടിക്കായത്ത് പറഞ്ഞു.
നാഗ്പൂരില്‍ നടന്ന ഒരു ചടങ്ങിലായിരുന്നു നരേന്ദ്ര സിംഗ് തോമറിന്‍റെ വിവാദ പ്രസ്താവന. "ഞങ്ങള്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ ചിലര്‍ക്ക് ഇഷ്ടപെട്ടില്ല. എന്നാല്‍ ഞങ്ങള്‍ നിരാശരല്ല. ഞങ്ങള്‍ ഇപ്പോള്‍ ഒരു ചുവട് പിന്നോട്ട് വച്ചിരിക്കുകയാണ്. എന്നാല്‍ ഭാവില്‍ ആ ചുവട് മുന്നോട്ട് വെക്കും. കാരണം ഇന്ത്യയുടെ നട്ടെല്ലായ കര്‍ഷകരെ ശക്തിപ്പെടുത്തേണ്ടത് രാജ്യത്തെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമാണ്", നരേന്ദ്ര സിംഗ് നാഗ്പൂരില്‍ പറഞ്ഞു.
റദ്ദാക്കിയ കാര്‍ഷിക നിയമങ്ങള്‍ വീണ്ടും തങ്ങള്‍ കൊണ്ടുവരും എന്ന രീതിയില്‍ തന്‍റെ പ്രസ്താവനയെ ചിലര്‍ വളച്ചൊടിച്ചെന്ന് നരേന്ദ്ര സിംഗ് തോമര്‍ പിന്നീട് പ്രതികരിച്ചു. റദ്ദാക്കപ്പെട്ട കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവരികയാണെങ്കില്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് ടിക്കായത്ത് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ നവംബര്‍ 19നാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രസ്താവന പ്രധാനമന്ത്രി നടത്തുന്നത്.