ബെംഗളുരു: രാജ്യസഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ മൂന്ന് സീറ്റിൽ ബിജെപിക്ക് ജയം. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍, നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ജഗ്ഗേഷ്, ലെഹര്‍ സിങ് സിരോയ എന്നിവരാണ് വിജയിച്ച ബിജെപി സ്ഥാനാര്‍ഥികള്‍. മത്സരിച്ച രണ്ട് സീറ്റുകളിൽ ഒന്നിൽ കോൺഗ്രസ് വിജയിച്ചു.
ജയ്‌റാം രമേശ് ആണ് കർണാടകയിൽ നിന്നും വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി. ജെഡി(എസ്)ന്‍റെ ആകെയുള്ള ഒരു സ്ഥാനാർഥിക്ക് വിജയിക്കാൻ കഴിഞ്ഞില്ല. തുടർച്ചയായി രണ്ടാം തവണയാണ് നിർമല സീതാരാമനും ജയ്‌റാം രമേശും കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
ബിജെപിയുടെ നിർമല സീതാരാമൻ, കെ.സി രാമമൂർത്തി, കോൺഗ്രസിന്‍റെ ജയ്‌റാം രമേശ് എന്നിവരുടെ കാലാവധി ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് നാല് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. കോൺഗ്രസിന്‍റെ രാജ്യസഭ എംപി ഓസ്‌കർ ഫെർണാണ്ടസ് കഴിഞ്ഞ വർഷം അന്തരിച്ചിരുന്നു.
അതേസമയം, രാജസ്ഥാനിലെ രാജ്യസഭ തെരഞ്ഞെടുപ്പിൽ നാലിൽ മൂന്ന് സീറ്റിലും കോൺഗ്രസ് വിജയിച്ചു. ഒരു സീറ്റിൽ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. കോണ്‍ഗ്രസില്‍ നിന്ന് മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സിങ് സുര്‍ജെവാല, പ്രമോദ് തിവാരി എന്നിവരാണ് വിജയിച്ചത്. ബിജെപി സ്ഥാനാര്‍ഥി ഘനശ്യാം തിവാരിയും വിജയിച്ചു. കോണ്‍ഗ്രസിലെ പടലപ്പിണക്കം മുതലാക്കി വിജയിപ്പിക്കാമെന്ന പ്രതീക്ഷയില്‍ ബി.ജെ.പി രംഗത്തിറക്കിയ മാധ്യമ മേഖലയിലെ അതികായന്‍ സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു.