ന്യൂഡൽഹി: രാജ്യസഭ ചെയർമാന്‍റെ നിയമവിരുദ്ധവും ജനാധിപര്യ വിരുദ്ധവുമായ നടപടികൾക്കെതിരെ പ്രതിഷേധം തുടരുമെന്ന് രാജ്യസഭ എംപി എളമരം കരീം. സഭയിലെ അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന്‍റെ പേരിൽ രാജ്യസഭ അധ്യക്ഷൻ എം.വെങ്കയ്യ നായിഡു എളമരം കരീം ഉൾപ്പെടെയുള്ള 12 പാർലമെന്‍റ് അംഗങ്ങളെ കഴിഞ്ഞ ദിവസം സഭയുടെ ശൈത്യകാല സമ്മേളനത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു.
സസ്പെൻഡ് ചെയ്യപ്പെട്ട 12 എംപിമാർ പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുൻപിൽ ഒത്തുകൂടി ധർണ ആരംഭിച്ചു. ധർണ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്‌തു. സസ്പെൻഷൻ പിൻവലിക്കുന്നതുവരെ ധർണ തുടരുമെന്ന് എംപിമാർ അറിയിച്ചു.
പ്രതിപക്ഷ പ്രതിഷേധങ്ങളും ബഹളങ്ങളും വകവയ്‌ക്കാതെ കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള പ്രമേയം ഭരണപക്ഷം ഭൂരിപക്ഷം ഉപയോഗിച്ച് സഭയിൽ പാസാക്കുകയും എംപിമാരെ സസ്പെൻഡ് ചെയ്‌ത ശേഷം സെഷൻ നിർത്തിവയ്ക്കുകയും നീട്ടിവയ്ക്കുകയും ചെയ്‌തു. ഒരു സെഷൻ നീട്ടിവച്ച ശേഷം മറ്റൊരു സെഷനിൽ നടപടിയെടുക്കാൻ പാടില്ല എന്നതാണ് ചട്ടം. എന്നാൽ ചട്ടങ്ങളും തത്വങ്ങളും ലംഘിച്ചുകൊണ്ടാണ് എംപിമാരെ സസ്പെൻഡ് ചെയ്‌തതെന്ന് സിപിഎം ആരോപിച്ചു.
എംപിമാരുടെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എം ഖാർഗെ ചെയർമാന് കത്തയച്ചിരുന്നു. സസ്‌പെൻഷൻ പിൻവലിക്കുകയോ സഭയിലെ നടപടികൾ തീർക്കുകയോ ചെയ്യുന്നതുവരെ ഗാന്ധി പ്രതിമക്ക് മുന്നിൽ ധർണ തുടരുമെന്ന് കത്തിൽ പറയുന്നു. പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നതാണ് കേന്ദ്രത്തിന്‍റെ പ്രവർത്തന ശൈലിയെന്നും രാജ്യത്തിന്‍റെ ജനാധിപത്യ ബോധത്തെ ഭരണകർത്താക്കൾ മാനിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
വർഷകാല സമ്മേളനത്തിന്‍റെ അവസാന ദിവസം മോശം പെരുമാറ്റമുണ്ടായി എന്നാരോപിച്ചാണ് പ്രതിപക്ഷ പാർട്ടികളിലെ 12 എംപിമാരെ പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ നിന്ന് സസ്പെൻഡ് ചെയ്‌തത്. കോൺഗ്രസിൽ നിന്ന് ആറ് പേരും തൃണമൂൽ കോൺഗ്രസിലും ശിവസേനയിലും നിന്ന് രണ്ട് പേർ വീതവും സിപിഎമ്മിന്‍റെയും സിപിഐയുടെയും ഓരോ എംപിമാർ വീതവുമാണ് സസ്പെൻഷനിലായത്.
Also Read: ലഹരി ഉപയോഗത്തിനെതിരെ സൈക്കിൾ സവാരി; ഇന്ത്യ ചുറ്റാൻ തയാറെടുത്ത് ഷംസീദ്