ന്യൂഡൽഹി: രാജ്യസഭ വൈസ് ചെയർപേഴ്‌സൺ പാനൽ പുനഃസംഘടിപ്പിച്ച് സഭ ചെയർമാൻ കൂടിയായ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ.ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പ്രിന്‍റ് താരം ഒളിമ്പ്യന്‍ പി.ടി. ഉഷ തുടര്‍ച്ചയായി രണ്ടാം തവണയും പാനലില്‍ ഇടം പിടിച്ചു. 17-ാം തിയതിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പി ടി ഉഷ ഉള്‍പ്പെടെ പാനലില്‍ 50 ശതമാനവും സ്‌ത്രീകളാണ്. വൈസ് ചെയർപേഴ്‌ൺ പാനൽ പുനഃസംഘടന സംബന്ധിച്ച തീരുമാനം ജൂലൈ 17 മുതൽ പ്രാബല്യത്തില്‍ വന്നതായി രാജ്യസഭ ചെയർമാൻ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
പുനഃസംഘടന ഉത്തരവിനെക്കുറിച്ചുള്ള വിജ്ഞാപനം രാജ്യസഭ സെക്രട്ടേറിയറ്റ് പുറത്തിറക്കി. പി ടി ഉഷയ്‌ക്ക് പുറമെ എസ് ഫാങ്‌നൻ കൊന്യാക്, ഫൗസിയ ഖാൻ, സുലത ദിയോ, വി വിജയസായി റെഡ്ഡി, ഘൻശ്യാം തിവാരി, എൽ ഹനുമന്തയ്യ, സുഖേന്ദു ശേഖർ റേ എന്നീ എംപിമാരാണ് വൈസ് ചെയർപേഴ്‌സൺ പാനലിലെ മറ്റ് അംഗങ്ങള്‍. പുതിയ വൈസ് ചെയർപേഴ്‌സൺമാരിൽ 50 ശതമാനവും സ്‌ത്രീകളാണെന്നത് സന്തോഷം നല്‍കുന്നതാണെന്ന് ജഗ്‌ദീപ് ധന്‍കര്‍ പറഞ്ഞു.
അധ്യക്ഷനോ ഉപാദ്ധ്യക്ഷനോ ചെയറില്‍ ഇല്ലാത്ത സമയങ്ങളില്‍ രാജ്യസഭ നിയന്ത്രിക്കുക തെരഞ്ഞെടുക്കപ്പെട്ട ഈ പാനലാണ്. പി ടി ഉഷ രണ്ടാം തവണയാണ് വൈസ് ചെയര്‍പേഴ്‌സണ്‍ പാനലില്‍ ഇടംപിടിക്കുന്നത്. രാജ്യസഭാംഗമായ ഉടനെ ഈ പാനലില്‍ അവര്‍ ഇടംപിടിച്ചിരുന്നു.നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരംഗം രാജ്യസഭാ ഉപാദ്ധ്യക്ഷ പാനലിലേക്ക് തെരഞ്ഞെടുക്കപ്പെടുക എന്ന അത്യപൂര്‍വ്വ നേട്ടം പി.ടി. ഉഷ നേരത്തേ സ്വന്തമാക്കിയിരുന്നു.കഴിഞ്ഞവര്‍ഷം അവസാനമായിരുന്നു ഇതിനു മുമ്പ് ഉഷയെ പാനലിലേക്ക് തെരഞ്ഞെടുത്തത്. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഉഷയ്ക്ക് ആദ്യമായി സഭ നിയന്ത്രിക്കാനുള്ള അവസരം ലഭിച്ചത്.ഇത്തവണ പാനല്‍ പുനസംഘടിപ്പിച്ചപ്പോഴും പി.ടി. ഉഷയടക്കം മൂന്ന് അംഗങ്ങള്‍ ഉപാദ്ധ്യക്ഷ പാനലിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലും ട്രാക്കുകളില്‍ മിന്നല്‍പ്പിണര്‍ തീര്‍ത്ത പി.ടി. ഉഷയെ കഴിഞ്ഞ വര്‍ഷമായിരുന്നു മോദി സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.ഏഷ്യന്‍ ഗെയിംസുകളില്‍ നാല് സ്വര്‍ണ്ണവും ഏഴ് വെള്ളിയുമടക്കം പതിന്നാല് മെഡലുകളും ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പുകളില്‍ പതിന്നാല് സ്വര്‍ണ്ണവും ആറ് വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പെടെ സ്വന്തമാക്കിയ പി.ടി. ഉഷയ്ക്ക് 1984 ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്സില്‍ സെക്കന്‍റിന്‍റെ നൂറിലൊരംശത്തിനായിരുന്നു വെങ്കല മെഡല്‍ നഷ്ടമായത്. 2016 ല്‍ ബി.ജെ.പി ദേശീയ നിര്‍വാവഹക സമിതി യോഗം കോഴിക്കോട് വെച്ച് നടന്നപ്പോള്‍ കോഴിക്കോട് സ്വദേശിനിയായ ഉഷ അതിന്‍റെ സ്വാഗത സംഘം അദ്ധ്യക്ഷയായിരുന്നു.