ജയ്‌പൂർ: ഗുണ്ടാനേതാവ് രാജു തേത്തിന്‍റെ കൊലപാതകത്തിൽ ആറ് പേരെ അറസ്‌റ്റ് ചെയ്‌ത് പൊലീസ്. ശനിയാഴ്‌ച രാജസ്ഥാനിലെ സിക്കാറിലെ ഉദ്യോദഗ് നഗറിലുള്ള തേത്തിന്‍റെ വീടിന് മുൻപിൽ വച്ചാണ് രാജു തേത്ത് അഞ്ചംഘ സംഘത്തിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രതികളായ മനീഷ് ജാട്ട് (25), വിക്രം ഗുർജാർ (28), സതീഷ് (40), ജതിൻ (24) എന്നിവരെയും പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
എല്ലാവരും ഹരിയാന സ്വദേശികളാണ്. പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ ഇവർ പൊലീസിന് നേരെ വെടിയുതിർക്കുകയും പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ രണ്ട് പ്രതികളുടെ കാലിന് വെടിയേൽക്കുകയും ചെയ്‌തു. 2017 ജൂണിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ക്രിമിനൽ ആനന്ദ്പാൽ സിങിന്‍റെ എതിരാളിയായിരുന്നു രാജു തേത്ത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ നിലവിൽ ജാമ്യത്തിലായിരുന്നു. സംഭവസ്ഥലത്ത് വച്ച് തൊട്ടടുത്ത കോച്ചിങ് ഇൻസ്‌റ്റിറ്റ്യൂട്ടിൽ മകളെ കാണാനെത്തിയ താരാചന്ദ് എന്നയാളും സംഘത്തിന്‍റെ വെടിയേറ്റ് മരിച്ചിരുന്നു. രാജു തേത്തിന്‍റെ കൂട്ടാളിയാണെന്ന് സംശയിച്ചാണ് ഇയാളെ വെടിവെച്ച് കൊന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്. കൊലപാതകത്തിന് തൊട്ടുപിന്നാലെ, ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗമാണെന്ന് സ്വയം പരിചയപ്പെടുത്തിയ രോഹിത് ഗോദാര എന്ന വ്യക്തി ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
ആനന്ദ്പാൽ സിങ്, ബൽബീർ ബനുദ എന്നിവരെ ആക്രമിച്ചതിലുള്ള പ്രതികാരമായാണ് രാജു തേത്തിനെ കൊലപ്പെടുത്തിയതെന്നും രോഹിത് ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പറഞ്ഞു. എഫ്‌ബി പോസ്‌റ്റ് പിന്നീട് ഡിലീറ്റ് ചെയ്‌തു. ആനന്ദ്‌പാലിന്‍റെ കൊലപാതകത്തിന് ശേഷം സംഘത്തിലെ അംഗങ്ങൾ ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ ചേർന്നിരുന്നു.
പട്ടാപ്പകൽ നടന്ന കൊലപാതകം സിക്കാറിൽ പ്രകോപനം സൃഷ്‌ടിച്ചു. തേത്തിന്‍റെ അനുയായികൾ മാർക്കറ്റുകൾ അടച്ചുപൂട്ടിക്കുകയും ഇയാളുടെ കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും പ്രതിയെ അറസ്റ്റ് ചെയ്യുന്നതുവരെ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിക്കുകയും ചെയ്‌തിരുന്നു. സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് പ്രതിപക്ഷ പാർട്ടികളിൽ നിന്നും ഉയരുന്നത്. പ്രതികളുടെ കയ്യിലുണ്ടായിരുന്ന ആയുധങ്ങളും ഓടി രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.