ന്യൂഡല്‍ഹി: രാജ്പഥിന്റെ പേര് മാറ്റി കേന്ദ്രസർക്കാർ. കർത്തവ്യപഥ് എന്നാണ് പുനർനാമകരണം ചെയ്യുന്നത്. നേതാജി പ്രതിമ മുതൽ രാഷ്‌ട്രപതി ഭവൻ വരെയുള്ള വഴിയാണ് രാജ്പഥ്. പുതുക്കി പണിത രാജ്പഥ് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പേര് മാറ്റം.
1911ൽ ഡൽഹി സന്ദർശിച്ച ബ്രിട്ടീഷ് ഭരണാധികാരി ജോർജ് അഞ്ചാമനോടുള്ള ബഹുമാനാർഥമാണ് രാജ്പഥ് അഥവ കിംഗ്‌സ് വേ എന്നാക്കിയത്. സ്വാതന്ത്ര്യത്തിന് ശേഷം കിംഗ്‌സ് വേ അതിന്റെ ഹിന്ദി മൊഴിമാറ്റമായ രാജ്പഥായി മാറി. പേരിലെ ഈ ബ്രിട്ടീഷ് സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കര്‍ത്തവ്യമാര്‍ഗ് എന്ന പേര് നല്‍കിയത്. സെപ്റ്റംബര്‍ എട്ട് മുതല്‍ കര്‍ത്തവ്യമാര്‍ഗ് എന്ന പേര് നിലവില്‍ വരും. രാജ്യത്തെ കോളനിവൽക്കരണത്തിന്റെയും അടിമത്വത്തിന്റെയും അടയാളങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ പാതയുടെ പേര് മാറ്റുന്നത്.
രാജ്യത്തിന്റെ ചരിത്രത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന ഈ പാത പല ചരിത്രസംഭവങ്ങള്‍ക്കും സാക്ഷിയാണ്. റിപ്പബ്ലിക് ദിന പരേഡ് ഈ പാതയിലൂടെയാണ് കടന്നു പോകാറ്. നവീകരണം നടത്തിയ സെന്‍ട്രല്‍ വിസ്ത അവന്യു നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ഈ ഭാഗത്തിന്റെ പേര് മാറ്റിയത്. രാജ്യത്തെ ആദ്യത്തെ സ്വദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് വിക്ഷേപണ വേളയിൽ നാവികസേന ബ്രിട്ടീഷ് കാലത്തുള്ള പതാക മാറ്റിയിരുന്നു. നേരത്തെ പ്രധാനമന്ത്രിയുടെ വസതി സ്ഥിതി റേസ് കോഴ്‌സ് റോഡിന്‍റെ പേര് ലോക് കല്യാൺ മാർഗ് എന്നാക്കി മാറ്റിയിരുന്നു.