രജൗറി (ജമ്മു കശ്മീര്‍): ജമ്മു കശ്മീരിലെ രജൗറിയില്‍ ഭീകരരെ തുരത്താനുള്ള ഇന്ത്യന്‍ സേനയുടെ ഓപ്പറേഷന്‍ രണ്ടാം ദിനവും തുടരുകയാണ്. സൈനിക നീക്കത്തില്‍ രണ്ടാമത്തെ ഭീകരനും കൊല്ലപ്പെട്ടതായി എഡിജിപി മുകേഷ് സിങ്ങ് അറിയിച്ചു. പാകിസ്ഥാനികളാണെന്ന് സംശയിക്കുന്ന സായുധരായ ഭീകരര്‍ക്കെതിരെ ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസിലെ പ്രത്യേക ഓപ്പറേഷന്‍ വിഭാഗവും ഇന്നലെയാണ് സംയുക്ത നീക്കം തുടങ്ങിയത്.
ഭീകരര്‍ തമ്പടിച്ചതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് രജൗറി ജില്ലയിലെ നര്‍ല മേഖലയില്‍ ബുധലില്‍ ഇന്ത്യന്‍ സൈന്യം തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഇന്ത്യന്‍ സൈന്യത്തിന് നേരെ അതി ശക്തമായ വെടിവെപ്പാണ് ഭീകരര്‍ നടത്തിയത്. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ ഇന്നലെത്തന്നെ സൈന്യം വധിച്ചിരുന്നു. രണ്ട് സൈനികര്‍ക്കും ഒരു സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ക്കും ഏറ്റുമുട്ടലില്‍ പരിക്കേല്‍ക്കുകയുമുണ്ടായി.
'വെടിയേറ്റ് വീണെങ്കിലും അഭിമാനമായി കെന്‍റ്': രജൗറിയില തെര്യാത്ത് മേഖലയില്‍ തെരച്ചില്‍ നടത്തുന്നതിനിടയിലാണ് തിങ്കളാഴ്ച വൈകിട്ട് സൈന്യം ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. പ്രദേശം വളഞ്ഞ് സൈന്യം നടത്തിയ കനത്ത വെടിവെപ്പിനെത്തുടര്‍ന്ന് ഭീകരര്‍ ഇവിടെ നിന്നും കടന്നു കളയുകയായിരുന്നു. ഇവിടെ നിന്ന് മരുന്നുകളും മൊബൈല്‍ ഫോണ്‍ ചാര്‍ജറുകളും വെള്ളക്കുപ്പികളും കണ്ടെടുത്തതോടെ സൈന്യം ഭീകര സാന്നിധ്യം ഉറപ്പിച്ചു.
ഭീകരരുടെ പുതിയ ഒളിത്താവളം കണ്ടെത്താന്‍ സൈന്യത്തിലെ ഡോഗ് സ്ക്വാഡിന്‍റെ സേവനവും പ്രയോജനപ്പെടുത്തി. സൈന്യത്തിന്‍റെ നിരവധി തെരച്ചിലുകളില്‍ പങ്കെടുത്ത് ഒട്ടധികം ഭീകര ഒളിത്താവളങ്ങള്‍ കണ്ടെത്തി പേരെടുത്തിട്ടുള്ള ആര്‍മി ഡോഗ് സ്കാഡിലെ ചുണക്കുട്ടി കെന്‍റ് വിജയകരമായി സൈന്യത്തെ ഭീകരരുടെ ഒളിത്താവളത്തിലേക്ക് നയിച്ചു.
"സൈന്യത്തെ കണ്ടതോടെ ഭീകരര്‍ കനത്ത പ്രത്യാക്രമണത്തിന് മുതിര്‍ന്നു. ഭീകരരുടെ സംഘത്തില്‍ രണ്ടു പേരുണ്ടായിരുന്നു. ഭീകരരുടെ ഒളിത്താവളം വരെ സൈന്യത്തെ നയിച്ച ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ആര്‍മി ഡോഗ് കെന്‍റ് ഭീകരരുടെ വെടിയുണ്ടയ്ക്ക് ഇരയായി. അവസാന നിമിഷം വരെ തന്‍റെ യജമാനന്‍റെ ജീവന്‍ കാത്തു സൂക്ഷിക്കാന്‍ നിതാന്ത ശ്രദ്ധ പുലര്‍ത്തിയിരുന്നു കെന്‍റ്. ഇന്ത്യന്‍ സേനയുടെ പോരാട്ട വീര്യം ഉയര്‍ത്തിപ്പിടിക്കുന്ന തരത്തില്‍ വീരോചിതമായി പൊരുതിയാണ് കെന്‍റ് മരിച്ചു വീണത്." പ്രതിരോധ വകുപ്പ് പി ആര്‍ ഒ ലഫ്റ്റനന്‍റ് കേണല്‍ സുനീല്‍ ബര്‍ത്വാല്‍ പറഞ്ഞു.
21 ആര്‍മി ഡോഗ് യൂണിറ്റില്‍ നിന്നുള്ള ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട കെന്‍റിന് ഏഴു വയസ്സായിരുന്നു. 2018ലാണ് ഇന്ത്യന്‍ സൈന്യത്തിന്‍റെ ഭാഗമായത്. ജമ്മു കശ്മീര്‍ പൊലീസിന്‍റേയും ഇന്ത്യന്‍ സേനയുടേയും നിരവധി സെര്‍ച്ച് ഓപ്പറേഷനുകളില്‍ ഭാഗമായിട്ടുള്ള കെന്‍റ്, ഭീകര വിരുദ്ധ നീക്കങ്ങളില്‍ അസാമാന്യ പാടവം പ്രദര്‍ശിപ്പിച്ചിരുന്നു.
നിയന്ത്രണ രേഖയില്‍ പൂഞ്ചിലും രജൗറിയിലും റിയാസി ജില്ലയിലും കഴിഞ്ഞ ഏതാനും മാസങ്ങളായി ഏറ്റുമുട്ടലുകള്‍ ഏറി വരുന്നത് ഭരണകൂടത്തിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജമ്മു മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ പാക് നുഴഞ്ഞു കയറ്റക്കാര്‍ ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുകയാണെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.