ചണ്ഡിഗഡ് : ദേശീയ താത്‌പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്‍റെ പ്രധാന ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യയ്‌ക്കെതിരെ ദുഷ്‌ടലാക്കോടെ തിരിഞ്ഞാല്‍ തക്കതായ മറുപടി നൽകും. രാജ്യമിപ്പോള്‍ ദുര്‍ബലമായ സ്ഥിതിയിലല്ലെന്നും എന്നാല്‍ തങ്ങൾ സമാധാനത്തിലാണ് വിശ്വസിക്കുന്നതെന്നും പ്രതിരോധമന്ത്രി ഞായറാഴ്‌ച പറഞ്ഞു.
രാജ്യത്തെ സൈനികർ തിരിച്ചടി നല്‍കുന്നതില്‍ കരുത്ത് ആവർത്തിച്ച് തെളിയിച്ചിട്ടുണ്ട്. 2016ല്‍ പാക് അധീന കശ്‌മീരിലെ നിയന്ത്രണ രേഖയില്‍ തീവ്രവാദികള്‍ക്ക് മറുപടി നല്‍കി. പുറമെ, 2019ല്‍ പാകിസ്ഥാനെതിരായി ബാലാകോട്ടില്‍ വ്യോമാക്രമണം നടത്തി.
കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിലും ചൈനയ്‌ക്കെതിരായി സൈനികർ ധീരത കാണിച്ചെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഹരിയാനയിലെ ജജ്ജാറിൽ (Jhajjar) ചൗഹാൻ രാജവംശത്തിലെ പ്രമുഖനായ പൃഥ്വിരാജ് ചൗഹാന്‍റെ പ്രതിമ അനാച്ഛാദനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.