ന്യൂഡൽഹി: പത്ത് രാജ്യങ്ങൾ ഉൾപ്പെട്ട അസോസിയേഷൻ ഓഫ് സൗത്ത്ഈസ്‌റ്റ് നേഷന്‍റെ (ആസിയാൻ) പ്രതിരോധ മന്ത്രിമാരടങ്ങിയ വെർച്വൽ യോഗത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് പങ്കെടുത്തു. ബുധനാഴ്‌ച രാവിലെ 6.30ന് നടത്തിയ യോഗത്തിൽ രാജ്യം നേരിടുന്ന പ്രധാന സുരക്ഷാ വെല്ലുവിളികളെ മറികടക്കാനുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകളെ കുറിച്ച് മന്ത്രി സംസാരിച്ചു.
വീഡിയോ കോൺഫറൻസിലൂടെ ആസിയാൻ ഡിഫൻസ് മിനിസ്റ്റേഴ്‌സ് മീറ്റിങ് പ്ലസിൽ (എഡിഎംഎം-പ്ലസ്) ബുധനാഴ്‌ച രാജ്‌നാഥ് സിങ് പങ്കെടുക്കുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്‍റെ ഓഫീസ് ട്വീറ്റ് ചെയ്‌തിരുന്നു.
Also Read: കോവിഷീൽഡ് ഡോസുകളുടെ ഇടവേള ദീർഘിപ്പിച്ചത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ: എൻടിഎജിഐ
ആസിയാനും അതിന്‍റെ അംഗരാജ്യങ്ങളായ ഇന്ത്യ, ചൈന, ഓസ്‌ട്രേലിയ, ജപ്പാൻ, ന്യൂസിലാന്‍റ്, റിപ്പബ്ലിക് ഓഫ് കൊറിയ, റഷ്യ, യുഎസ് എന്നിവയും ഉൾപ്പെടുന്ന പ്ലാറ്റ്ഫോമാണ് എഡിഎംഎം-പ്ലസ്. അംഗരാജ്യങ്ങളുടെ സമാധാനം, സ്ഥിരത, വികസനം എന്നിവയ്ക്കായി സുരക്ഷയും പ്രതിരോധ സഹകരണവും ശക്തിപ്പെടുത്തുക എന്നതാണ് ആസിയാന്‍റെ പ്രധാന ലക്ഷ്യം. 2010ൽ ഹനോയിയിലാണ് എഡിഎംഎം-പ്ലസ് ആദ്യമായി വിളിച്ചു ചേർത്തത്.