ന്യൂഡല്‍ഹി: ഡിഫന്‍സ് റിസര്‍ച്ച് ആൻഡ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത കൊവിഡ് മരുന്ന് 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് അഥവാ 2 ഡിജി പുറത്തിറങ്ങി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ എന്നിവരാണ് മരുന്ന് ഔദ്യോഗികമായി പുറത്തിറക്കിയത്. ഡൽഹിയിലെ ചില ആശുപത്രികൾക്കാണ് 10,000 ഡോസ് മരുന്ന് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക.
ഹൈദരാബാദിലെ ഡോക്ടർ റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ചാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) കീഴിലുള്ള ലബോറട്ടറിയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് (ഐഎൻഎംഎസ്) ഈ മരുന്ന് വികസിപ്പിച്ചെടുത്തത്. ഉള്ളിലേക്ക് കഴിക്കുന്ന തരത്തിലുള്ള മരുന്നാണ് ഡിആർഡിഒ വികസിപ്പിച്ചിരിക്കുന്നത്. പൊടിരൂപത്തിലുളള മരുന്ന് വെളളത്തിൽ കലക്കിയാണ് കുടിക്കേണ്ടത്.
Also Read: രാജ്യത്തെ കൊവിഡ് രോഗികള്‍ കുറയുന്നു; ഇന്ന് ആശ്വാസ കണക്ക്
മരുന്നിന്‍റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോൾ ജനറൽ ഒഫ് ഇന്ത്യ അംഗീകാരം നൽകിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികൾക്ക് ആരോഗ്യം വീണ്ടെടുക്കാൻ കഴിയുന്നതായി 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന ഈ മരുന്നിന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു. ഓക്സിജൻ അളവ് പൂർവസ്ഥിതിയിലാകാനും ഈ മരുന്ന് സഹായിക്കും. ഒന്ന് രണ്ട് ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കൊവിഡ് രോഗികള്‍ക്ക് മരുന്നു ഫലപ്രദമാമെന്ന് കണ്ടെത്തിയിരുന്നു. കൊവിഡിന് മരുന്ന് കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ രോഗതീവ്രത കുറയ്ക്കുന്നതിനായി ഉപയോഗിക്കുന്ന മറ്റു മരുന്നുകളുടെ കൂടെ 2-ഡിജിയും ഇനി മുതൽ ഉപയോഗിക്കും.