ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന്‍റ നിർദേശത്തെ തുടർന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) ഉത്തർപ്രദേശിലേക്ക് 150 ജംബോ മെഡിക്കൽ ഓക്‌സിജൻ സിലിണ്ടറുകൾ വിതരണം ചെയ്‌തു. പിന്നീട് 1,000 സിലിണ്ടറുകൾ കൂടി വിതരണം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ലഖ്‌നൗവിലെ ആശുപത്രിയിലെ കൊവിഡ് രോഗികൾക്കാണ് ഓക്‌സിജൻ നൽകുന്നത്.
കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ബുധനാഴ്‌ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനിടെ മെയ് 15 വരെ എല്ലാ ഞായറാഴ്‌ചയും സംസ്ഥാനത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതായി സർക്കാർ വെള്ളിയാഴ്‌ച അറിയിച്ചു. ശനിയാഴ്‌ച രാത്രി എട്ട് മണി മുതൽ ആരംഭിക്കുന്ന ലോക്ക്‌ഡൗൺ തിങ്കളാഴ്‌ച രാവിലെ ഏഴു മണി വരെ തുടരും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് നിലവിൽ 1,91,457 കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്.
അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,50,61,919 ആയി ഉയർന്നു. നിലവില്‍ 19,29,329 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.