ചെന്നൈ : തെന്നിന്ത്യന്‍ താരം മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന് അന്തിമോപചാരം അർപ്പിച്ച് സൂപ്പർസ്റ്റാർ രജനീകാന്ത്. ചെന്നൈയിലെ മീനയുടെ വസതിയിലെത്തിയാണ് നടന് അന്ത്യാഞ്ജലി അർപ്പിച്ചത്. മീനയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച ശേഷമാണ് രജനീകാന്ത് മടങ്ങിയത്. താരങ്ങളായ ഖുശ്ബു, പ്രഭുദേവ എന്നിവരും വിദ്യാസാഗറിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് വിദ്യാസാഗർ മരണത്തിന് കീഴടങ്ങിയത്. കുറച്ച് വര്‍ഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു വിദ്യാസാഗര്‍. കഴിഞ്ഞ ജനുവരിയില്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രോഗം ഗുരുതരാവസ്ഥയിലായി. കൊവിഡ് മുക്തനായെങ്കിലും പിന്നീട് രോഗം വഷളായി. ഇതിനിടെ ശ്വാസകോശത്തില്‍ അണുബാധയുണ്ടായി.
തുടര്‍ന്ന് വിദ്യാസാഗറിനെ ഏതാനും ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അണുബാധ രൂക്ഷമായതോടെ ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ അവയവദാതാവിനെ കിട്ടാന്‍ വൈകിയതിനാല്‍ ശസ്ത്രക്രിയയും വൈകി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്.