ജയ്‌പുര്‍: വരാനിരിക്കുന്ന രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ (Assembly Elections 2023) ജനവിധി തേടുന്ന സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക (Candidates First List) പുറത്തിറക്കി കോണ്‍ഗ്രസ്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും (Ashok Gehlot) മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും (Sachin Pilot) ഉള്‍പ്പെടുന്ന 33 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് (Congress) പുറത്തുവിട്ടിട്ടുള്ളത്. അതേസമയം ശനിയാഴ്‌ച (21.10.2023) തന്നെ ബിജെപിയും തങ്ങളുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു.
കോണ്‍ഗ്രസ് പട്ടികയില്‍ ആരെല്ലാം: കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പട്ടികയിലേക്ക് കടന്നാല്‍, മുഖ്യമന്ത്രി അശോക് ഗെലോട്ട് സര്‍ദാര്‍പുര നിയോജകമണ്ഡലത്തില്‍ നിന്നും ജനവിധി തേടും. തന്‍റെ ശക്തി കേന്ദ്രമായ തോങ്കില്‍ നിന്ന് തന്നെയാവും സച്ചിന്‍ പൈലറ്റ് ഇത്തവണയും മത്സരിക്കുക. ഇവരെ കൂടാതെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും നിയമസഭ സ്‌പീക്കറുമായ സിപി ജോഷി നാഥ്‌ദ്വാര സീറ്റിലാണ് മത്സരത്തിനിറങ്ങുക. ദിവ്യ മദേര്‍ന ഓസിയന്‍ മണ്ഡലത്തിലും അശോക് ചന്ദ്‌ന ഹിന്ദോളി മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. നിലവിലെ മന്ത്രിസഭയിലുള്ള ശിശു ക്ഷേമ മന്ത്രി മംമ്‌ത ഭൂപേഷ്, പട്ടികജാതി സംവരണ സീറ്റായ സിക്‌റായില്‍ നിന്നും മത്സരിക്കും.
ഒരുപടി മുന്നിലോടി ബിജെപി: അതേസമയം ആദ്യഘട്ടത്തില്‍ 41 സ്ഥാനാര്‍ഥികളുടെ പട്ടികയായിരുന്നു പുറത്തുവിട്ടതെങ്കില്‍, ഇത്തവണ 83 സ്ഥാനാര്‍ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെടാത്തതിനാല്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ച പേര് കൂടിയായ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ (Vasundhra Raje) പേരും രണ്ടാംഘട്ട പട്ടികയിലുണ്ട്. ഝലര്‍പടാനിലാവും വസുന്ധര രാജെ ജനവിധി തേടുക. മാത്രമല്ല ബിജെപിയുടെ മുതിര്‍ന്ന നേതാവും എംപിയുമായ രാജേന്ദ്ര രാത്തോര്‍ ഝോട്‌വാരയില്‍ നിന്നും മറ്റൊരു സിറ്റിങ് എംപിയായ ദിയ കുമാരി വിദ്യാധര്‍ നഗറില്‍ നിന്നും മത്സരിക്കും. ബാബ ബാലക്‌നാഥ് തിജാരയില്‍ നിന്നും കിരോടി ലാല്‍ മീണ സവായ് മധോപൂരില്‍ നിന്നുമാവും ജനഹിതം തേടുക.
2018ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ 200 സീറ്റുകളുള്ള രാജസ്ഥാന്‍ നിയമസഭയില്‍, കോണ്‍ഗ്രസ് 99 സീറ്റുകളും ബിജെപി 73 സീറ്റുകളുമാണ് നേടിയത്. ഇതിനൊപ്പം ബിഎസ്‌പി എംഎല്‍എമാരുടെയും സ്വതന്ത്രരുടെയും പിന്തുണ കൂടിയായതോടെ അശോക് ഗെലോട്ടിന് കീഴിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ അധികാരത്തില്‍ വരികയായിരുന്നു.
അതേസമയം ഇത്തവണ നവംബര്‍ 25നാണ് രാജസ്ഥാന്‍ പോളിങ് ബൂത്തിലെത്തുക. നവംബര്‍ ഏഴിന് മിസോറാം, നവംബർ 7, 17 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി ഛത്തീസ്ഗഢ്, നവംബർ 17 ന് മധ്യപ്രദേശ്, നവംബർ 30 ന് തെലങ്കാന എന്നിവിടങ്ങളിലും വോട്ടെടുപ്പ് നടക്കും. തുടര്‍ന്ന് ഡിസംബർ 3നാണ് ഈ സംസ്ഥാനങ്ങളിലെയെല്ലാം വോട്ടെണ്ണല്‍ നടക്കുക.