ജയ്‌പൂര്‍ : മുഖ്യമന്ത്രി അശോക് ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചതിന് പിന്നാലെ രാജസ്ഥാനില്‍ രാഷ്‌ട്രീയ പ്രതിസന്ധി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന സച്ചിന്‍ പൈലറ്റിനെതിരെ വിമത നീക്കവുമായി അശോക് ഗെലോട്ട് പക്ഷം. ഗെലോട്ട് പക്ഷത്തെ 92 എംഎല്‍എമാര്‍ ഇന്ന് (സെപ്‌റ്റംബർ 25) രാത്രിയോടെ സ്‌പീക്കര്‍ സിപി ജോഷിയ്ക്ക് രാജിക്കത്ത് കൈമാറുമെന്നാണ് വിവരം.
ഇന്ന് വൈകിട്ട് ഏഴിന് കോണ്‍ഗ്രസ് നിയമസഭ കക്ഷിയോഗം ചേരുന്നതിന് മുന്‍പായി അശോക് ഗെലോട്ട് അനുകൂലികള്‍ യോഗം ചേര്‍ന്നിരുന്നു. ക്യാബിനറ്റ് മന്ത്രിയും ഗെലോട്ടിന്‍റെ അടുത്ത അനുയായിയുമായ ശാന്തി ധരിവാളിന്‍റെ വസതിയിലാണ് യോഗം ചേര്‍ന്നത്. ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെന്നാണ് എംഎല്‍എമാരുടെ ആവശ്യം. എംഎല്‍എമാരോട് കൂടിയാലോചിക്കാതെ തീരുമാനമെടുത്തതില്‍ കടുത്ത അതൃപ്‌തിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ് കച്ചരിയാവാസ് അറിയിച്ചു.
നേരത്തെ തന്‍റെ വിശ്വസ്‌തരിലൊരാളെ മുഖ്യമന്ത്രിയാക്കണമെന്ന് ഗെലോട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഗാന്ധി കുടുംബം ഇതിന് വഴങ്ങിയിരുന്നില്ല. ഗെലോട്ടിന് പകരം സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനാണ് സാധ്യത. വിഷയത്തില്‍ സമവായമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ന് നിയമസഭാകക്ഷിയോഗം ചേർന്നത്.