ജയ്‌പൂര്‍: കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി രാജസ്ഥാൻ സര്‍ക്കാര്‍. വിവാഹ ചടങ്ങുകള്‍ക്ക് നൂറില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ചാലുള്ള പിഴ ശിക്ഷ പതിനായിരത്തില്‍ നിന്ന് 25,000 ആക്കി ഉയര്‍ത്തി. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 200ല്‍ നിന്ന് 500 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പൊലീസ് മേധാവി, ജില്ലാ അധികാരികള്‍, സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന യോഗത്തിന്‍റേതാണ് തീരുമാനം.
ജനങ്ങളും കച്ചവടക്കാരും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ മാര്‍ക്കറ്റുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും പരിശോധന ശക്തമാക്കാൻ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ എട്ട് ജില്ലകളില്‍ നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ജയ്പൂർ, ജോധ്‌പൂർ, ബിക്കാനീർ, കോട്ട, അൽവാർ, ഉദയ്‌പൂർ, അൽവാർ, അജ്‌മീർ ജില്ലകളിലാണ് നിയന്ത്രണം. ഇവിടങ്ങളില്‍ രാത്രി പരിശോധന ശക്തമാക്കാനും നിര്‍ദേശമുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3260 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 17 മരണങ്ങളും സ്ഥിരീകരിച്ചു. ജയ്‌പൂരില്‍ മാത്രം 603 രോഗികളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്‌തത്.