ജയ്‌പൂർ: പതിനാറുകാരിയെ ബലാത്സംഗം ചെയ്‌ത കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന വിവാദ ആൾദൈവം ആസാറാം ബാപ്പുവിന്‍റെ ജാമ്യാപേക്ഷ രാജസ്ഥാൻ ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ സന്ദീപ് മേത്ത, ജഡ്‌ജി ദേവേന്ദ്ര കച്ചവ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ആസറാം ബാപ്പു കേരളത്തിൽ ആയുർവേദ ചികിത്സയ്ക്ക് പോകാനാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ ഹർജി തള്ളിയ കോടതി ആസാറാം ബാപ്പുവിന്‍റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജോദ്‌പൂർ എയിംസിനോട് ആവശ്യപ്പെട്ടു.
Also Read:ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും തീവ്ര മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്
നിലവിൽ ആസാറാം ബാപ്പു എയിംസിൽ ചികിത്സയിലാണ്. 2013ൽ ആണ് പീഡനക്കേസിൽ ആസറാം ബാപ്പു ജയിലിലാവുന്നത്. 2013 മുതൽ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇയാൾ ഡസനിലധികം ജാമ്യാപേക്ഷകൾ സമർപ്പിച്ചിരുന്നു. എന്നാൽ എല്ലാം കോടതി തള്ളുകയായിരുന്നു.