ജയ്‌പൂർ: രാജസ്ഥാനിൽ വിവിധ ജില്ലകളിൽ കൊവിഡ് വാക്‌സിൻ പാഴാക്കുന്നതായി റിപ്പോർട്ടുകൾ വരാൻ തുടങ്ങിയതോടെ ആരോപണം നിഷേധിച്ച് അധികൃതർ. കേന്ദ്രം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതായാണ് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊട്ടസാര പ്രതികരിച്ചത്.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞതനുസരിച്ച് പത്ത് ശതമാനത്തിൽ കൂടുതൽ വാക്‌സിൻ രാജസ്ഥാനിൽ പാഴായിട്ടില്ല. ബുണ്ടി ജില്ലയിൽ 25 ശതമാനം വാക്‌സിൻ പാഴായതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് യഥാർത്ഥത്തിൽ രണ്ട് ശതമാനം മാത്രമാണ്. മറ്റ് ജില്ലകളിലെ കാര്യവും ഇങ്ങനെ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി സർക്കാരിന് ആവശ്യമായ വാക്‌സിൻ നൽകാൻ കഴിഞ്ഞില്ലെന്നും അവർ ആരോപണം ഉന്നയിച്ച് ശ്രദ്ധ നേടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. മന:പൂർവമാണ് ബി.ജെ.പി നേതാക്കൾ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.