ന്യൂഡൽഹി : രാജസ്ഥാനില്‍ രാഷ്‌ട്രീയ പ്രതിസന്ധിയ്‌ക്ക് കാരണക്കാരായ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ്. മൂന്ന് സംസ്ഥാന നേതാക്കൾക്കെതിരെ പാര്‍ട്ടി, കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു. എന്നാല്‍, മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെ ഇപ്പോള്‍ നടപടിയില്ല.
സംസ്ഥാന പാർലമെന്‍ററി കാര്യ മന്ത്രി ശാന്തി കുമാർ ധരിവാൾ, നിയമസഭ ചീഫ് വിപ്പ് മഹേഷ് ജോഷി, സംസ്ഥാന ടൂറിസം കോർപറേഷൻ ചെയർമാൻ ധർമേന്ദ്ര റാത്തോഡ് എന്നിവർക്കെതിരെയാണ് പാര്‍ട്ടി നോട്ടിസ് അയച്ചത്. കോണ്‍ഗ്രസിന്‍റെ അടുത്ത വൃത്തങ്ങളാണ് ഇതുമായി ബന്ധപ്പെട്ട വിവരം ചൊവ്വാഴ്‌ച (സെപ്‌റ്റംബര്‍ 27) വൈകിട്ടോടെ പുറത്തുവിട്ടത്. എഐസിസി ചുമതലയുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അജയ് മാക്കൻ എന്നിവര്‍ ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
നടപടി 'വിശ്വസ്‌തര്‍'ക്കെതിരെ : എന്നാല്‍, രാജസ്ഥാൻ മുഖ്യമന്ത്രിക്കെതിരെ നടപടിയ്‌ക്ക് നിർദേശിച്ചിരുന്നില്ല. ഗെലോട്ടിന്‍റെ മൂന്ന് വിശ്വസ്‌തര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടി. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്‌തന്‍ എന്ന നിലയ്‌ക്കാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി നീക്കം നടത്തിയത്. എന്നാല്‍, ഒന്നുകില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി പദവിയും ഒരുമിച്ചുവേണം അല്ലെങ്കില്‍ താന്‍ പറയുന്നയാളെ മുഖ്യമന്ത്രിയായി പരിഗണിക്കണമെന്നായിരുന്നു ഗെലോട്ടിന്‍റെ നിലപാട്. സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി ആവാതിരിക്കാനായിരുന്നു ഈ പിടിവാശി.
ALSO READ| സോണിയയ്‌ക്ക് കടുത്ത അതൃപ്‌തി ; രാജസ്ഥാൻ പ്രതിസന്ധിയുടെ കാരണക്കാര്‍ക്കെതിരെ നടപടി ഉടന്‍
ഇത് ഗാന്ധി കുടുംബം അംഗീകരിക്കാതെ വന്നതോടെ ഗെലോട്ട് പക്ഷ എംഎല്‍എമാര്‍ രാജിസമര്‍പ്പിച്ചാണ് രാജസ്ഥാനില്‍ രാഷ്‌ട്രീയ പ്രതിസന്ധി സൃഷ്‌ടിച്ചത്. ഈ വിഷയത്തില്‍ സോണിയ ഗാന്ധി വലിയ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസ്, രാജസ്ഥാന്‍ നേതാക്കള്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്. ഇനി അധ്യക്ഷ പദവി തെരഞ്ഞെടുപ്പിലേക്ക് ഗെലോട്ടിനെ പരിഗണിക്കില്ലെന്നാണ് ഔദ്യോഗിക നിലപാട്. മുകുള്‍ വാസ്‌നിക്, കമല്‍ നാഥ് എന്നിവരുടെ പേരുകള്‍ തെരഞ്ഞെടുപ്പില്‍ 'ഔദ്യോഗിക പക്ഷ' സ്ഥാനാര്‍ഥികളായി ഉയര്‍ന്നുകേട്ടിരുന്നു.