ജയ്‌പൂർ : ഇൻവെസ്റ്റ് രാജസ്ഥാൻ ഉച്ചകോടിക്കിടെ വ്യവസായി ഗൗതം അദാനിയെ പുകഴ്ത്തി സംസാരിച്ചതിൽ വിശദീകരണവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഇൻവെസ്റ്റ് രാജസ്ഥാൻ ഉച്ചകോടി ഒരു സ്വകാര്യ പരിപാടി അല്ലെന്നും അദാനിയല്ല കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ ആയാൽ പോലും രാജസ്ഥാനിൽ നിക്ഷേപം നടത്താൻ സ്വാഗതം ചെയ്യുമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.
'ഇതൊരു സ്വകാര്യ പരിപാടിയല്ല, നിക്ഷേപകരുടെ ഉച്ചകോടിയാണ്. ഉച്ചകോടിയിൽ പങ്കെടുത്ത 3000 പ്രതിനിധികൾ കോൺഗ്രസിന്‍റെ പ്രവർത്തകരാണോ? ഇത്തരമൊരു സാഹചര്യത്തിൽ എന്തിനാണ് അവർ തടസം സൃഷ്‌ടിക്കാൻ ആഗ്രഹിക്കുന്നത്? ഗൗതം അദാനിയാലും അംബാനിയായാലും അമിത് ഷായുടെ മകൻ ജയ് ഷായായാലും ഞങ്ങൾ സ്വാഗതം ചെയ്യും. ഞങ്ങൾക്ക് തൊഴിൽ വേണം, നിക്ഷേപം വേണം' - ഗെഹ്‌ലോട്ട് പറഞ്ഞു.
ഉച്ചകോടിക്കിടെ ഗൗതം അദാനിയെ 'ഗൗതം ഭായ്' എന്ന് ഗെഹ്‌ലോട്ട് അഭിസംബോധന ചെയ്യുകയും ലോകത്തിലെ രണ്ടാമത്തെ വലിയ ധനികനായതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്‌തിരുന്നു. പിന്നാലെയാണ്, അദാനിയുടേയും അംബാനിയുടേയും പേരുകൾ പറഞ്ഞ് കേന്ദ്രസർക്കാരിനെ ആക്രമിക്കുന്ന കോണ്‍ഗ്രസ് ഇപ്പോൾ കാര്യം കാണുന്നതിനായി അവരെ പുകഴ്‌ത്തുന്നു എന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയത്.
അദാനിയുടേയും അംബാനിയുടേയും പേര് പറഞ്ഞ് കേന്ദ്രസർക്കാരിനെ നിരന്തരം ആക്രമിക്കുന്ന മുഖ്യമന്ത്രിക്ക് തന്‍റെ അസ്ഥിരമായ സർക്കാരിന്‍റെ അവസാന നാളുകളിൽ അദാനിയെ പുകഴ്‌ത്തുന്നതിൽ ഒരു മടിയുമില്ലെന്ന് എംഎൽഎ വാസുദേവ് ദേവ്‌നാനി ട്വീറ്റ് ചെയ്‌തിരുന്നു. ഉദ്ഘാടന ചടങ്ങിനിടെ അദാനിയും ഗെഹ്‌ലോട്ടും ഒരുമിച്ച് ഇരിക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്.
10,000 മെഗാവാട്ട് സൗരോർജ പദ്ധതി സ്ഥാപിക്കൽ, സിമന്‍റ് പ്ലാന്‍റിന്‍റെ വിപുലീകരണം, ജയ്‌പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നവീകരണം എന്നിവ ഉൾപ്പടെ അടുത്ത അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ രാജസ്ഥാനിൽ 65,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൗതം അദാനി ഉച്ചകോടിയിൽ പ്രഖ്യാപിച്ചിട്ടുണ്ട്.