ജയ്‌പൂര്‍ : കലങ്ങിമറിഞ്ഞ രാഷ്‌ട്രീയ സംഭവവികാസങ്ങള്‍ക്കിടെ ന്യൂഡല്‍ഹിയിലെത്തി ഹൈക്കമാൻഡിനെ കാണാന്‍ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. മന്ത്രിമാരായ ശാന്തി ധരിവാൾ, മഹേഷ് ജോഷി, ധർമേന്ദ്ര റാത്തോഡ് എന്നീ മൂന്ന് വിശ്വസ്‌തർക്ക് പാര്‍ട്ടി കാരണം കാണിക്കൽ നോട്ടിസ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഗെലോട്ടിന്റെ സന്ദർശനം. രാജസ്ഥാന്‍ വിഷയത്തില്‍ ഹൈക്കമാന്‍ഡിന്‍റെ നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനും പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയ റിപ്പോർട്ടില്‍ എംഎല്‍എമാരുടേത് കടുത്ത അച്ചടക്കമില്ലായ്മയാണെന്നറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ മൂന്നുപേരോടും പത്ത് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ അച്ചടക്ക സമിതി ആവശ്യപ്പെട്ടിരുന്നു.
അതേസമയം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കുമോ എന്ന സസ്‌പന്‍സും സന്ദര്‍ശനം ശക്തിപ്പെടുത്തുന്നുണ്ട്. കാരണം പാർട്ടിയുടെ ഉന്നത സ്ഥാനത്തേക്ക് ഗെലോട്ടിന്റെ പേര് ഇതുവരെ പൂർണമായും ഒഴിവാക്കിയിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. മല്ലികാര്‍ജുന്‍ ഖാർഗെ, എ.കെ ആന്റണി, കമൽനാഥ്, ദിഗ്‌വിജയ സിംഗ്, അംബിക സോണി, പവൻ കുമാർ ബൻസൽ എന്നിവരുൾപ്പടെ നിരവധി പേരുകൾ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ടിരുന്നു.
എന്നാല്‍ ഇവരില്‍ ഭൂരിഭാഗവും മത്സരത്തില്‍ നിന്ന് തങ്ങള്‍ സ്വയം പിന്മാറുന്നതായി അറിയിച്ചതോടെ ഗെലോട്ടിന്‍റെ സാധ്യതയ്ക്ക് കുറച്ചുകൂടി തെളിച്ചം ലഭിച്ചിട്ടുണ്ട്. അതേസമയം പാര്‍ട്ടി ആധ്യക്ഷ പദത്തേക്കാള്‍ നിലവില്‍ രാജസ്ഥാന്‍ പ്രതിസന്ധി പരിഹരിക്കാനാണ് നേതൃത്വം പണിപ്പെടുന്നത്.
മുതിര്‍ന്ന നേതാക്കളായ എ.കെ ആന്റണിയെയും സുശീൽകുമാർ ഷിൻഡെയെയും സോണിയ ഗാന്ധി കൂടിയാലോചനകൾക്കായി വിളിപ്പിച്ചിട്ടുണ്ട്. പാർട്ടിയുടെ ഉന്നത നേതാക്കളുമായി കൂടിയാലോചിച്ച ശേഷം വിഷയം രമ്യമായി പരിഹരിക്കുന്നതിനും ഇതിനായി രാജസ്ഥാനിലേക്ക് പുതിയ നിരീക്ഷക സംഘത്തെ അയക്കാനും ഷിൻഡെ അവരിൽ ഒരാളാകാനും സാധ്യതയുമുണ്ട്. എന്നാല്‍ ഗെലോട്ടിന് മുമ്പേ ഡല്‍ഹിയിലേക്ക് പറന്ന സച്ചിന്‍ പൈലറ്റും സസ്‌പെന്‍സ് ഉയര്‍ത്തുന്നു.
എന്നാല്‍ എംഎൽഎമാരുടെ സമാന്തര യോഗത്തിന് പിന്നിൽ താനല്ലെന്നും തന്റെ അറിവില്ലാതെയാണ് യോഗം സംഘടിപ്പിച്ചതെന്നും ഗെലോട്ട് സോണിയയെ അറിയിച്ചതായാണ് വിവരം. മാത്രമല്ല കോണ്‍ഗ്രസ് അധ്യക്ഷയും പാര്‍ട്ടിയുമെടുക്കുന്ന ഏത് തീരുമാനവും അനുസരിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി സോണിയയോട് പറഞ്ഞതായും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. മാത്രമല്ല ഇന്നലെ (27.09.2022) അടച്ചിട്ട മുറിയിൽ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് പാർട്ടി എംഎൽഎമാരുമായി ഗെലോട്ട് കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇതെല്ലാം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പ്രിയങ്കരനാക്കുമെന്നും സോണിയ ഗാന്ധിയുടെ പിന്തുണ ലഭ്യമാക്കുമെന്നും ഗെലോട്ട് വിലയിരുത്തുന്നുമുണ്ട്.
അതേസമയം എഐസിസി ട്രഷറർ പവൻ കുമാർ ബൻസൽ അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകൾ ശേഖരിച്ചിട്ടുണ്ടെന്നും എന്നാൽ അവ മറ്റാര്‍ക്കെങ്കിലും വേണ്ടിയായിരിക്കാമെന്നും പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്‌ത്രി പറഞ്ഞു. കാരണം ബന്‍സല്‍ നേരത്തെ തന്നെ മത്സരത്തിനില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 30 ന് ശശി തരൂർ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹത്തിന് പിന്തുണയായി രണ്ട് പത്രികകൾ ലഭിച്ചിട്ടുണ്ടെന്നും മിസ്‌ത്രി പറഞ്ഞു.
Also Read:വിട്ടൊഴിയാതെ 'രാജസ്ഥാന്‍' തലവേദന ; ഇനി എല്ലാ കണ്ണും സോണിയയിലേക്ക്
പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ജന്‍പഥിലുള്ള വസതിയില്‍ ചെന്ന് കണ്ട് അധ്യക്ഷ തിരഞ്ഞെടുപ്പിനായുള്ള ക്യുആർ കോഡുള്ള തിരിച്ചറിയൽ കാർഡ് കൈമാറിയതായും പിന്നീട് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനും നല്‍കിയതായും മിസ്‌ത്രി കൂട്ടിച്ചേര്‍ത്തു.