ബാര്‍മര്‍ (രാജസ്ഥാന്‍): വാഹനാപകടത്തില്‍ അച്ഛനും അമ്മയും നഷ്‌ടമായ പെണ്‍കുട്ടികളെ സഹായിക്കാനായി സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കാമ്പയിനിലൂടെ എത്തിയത് ഒരു കോടിയിലധികം രൂപ. അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് ബാര്‍മര്‍ ജില്ലയിലെ സിന്ധാരിയില്‍ നിയന്ത്രണംവിട്ട ബൊലേറോയിടിച്ച് ഭര്‍ത്താവും ഭാര്യയും നാല് വയസുള്ള കുട്ടിയും മരിച്ച സംഭവത്തില്‍ ഇവരുടെ ഏഴ് പെണ്‍മക്കള്‍ക്കുള്ള സഹായമായി സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കാമ്പയിനിലൂടെയാണ് ഒരു കോടിയിലധികം തുക സമാഹരിച്ചത്. അതേസമയം അപകടത്തില്‍ ഭര്‍ത്താവ് ഖേതാറാമും ഭാര്യയും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാല് വയസുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നാണ് മരിച്ചത്. അതേസമയം അപകടത്തെ തുടര്‍ന്ന് ബാർമർ ജില്ല കലക്‌ടർ ലോക്ബന്ധു ഇവരുടെ വീട്ടിലെത്തി പെണ്‍കുട്ടികളെ ആശ്വസിപ്പിക്കുകയും സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകുകയും ചെയ്‌തിരുന്നു. പിന്നാലെ വനം മന്ത്രി ഹേമാറാം ചൗധരിയും ജോധ്പൂരിലെത്തി പരിക്കേറ്റവരുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയും ചികിത്സ സംബന്ധിച്ച മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.
ഭര്‍ത്താവും ഭാര്യയും നാല് വയസുള്ള കുട്ടിയും മരിച്ച വാഹനാപകടത്തെ വേദനാജനകമായ സംഭവമാണെന്നായിരുന്നു ജില്ലാ കലക്‌ടർ ലോക്ബന്ധുവിന്‍റെ പ്രതികരണം. പെണ്‍കുട്ടികള്‍ക്കുള്ള സഹായത്തിനായി സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി കാമ്പയിന്‍ പുരോഗമിക്കുകയാണെന്നും ഇതിനോടകം ഒരു കോടിയിലധികം രൂപ അക്കൗണ്ടില്‍ എത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാങ്ക് അക്കൗണ്ടിൽ ക്രൗഡ് ഫണ്ടിങ് വഴി ലഭിക്കുന്ന ഈ തുക സുരക്ഷിക്കാന്‍ പെണ്‍കുട്ടികളുടെ പേരില്‍ ഇവ ഫിക്‌സഡ് ഡെപ്പോസിറ്റായി (എഫ്‌ഡി) മാറ്റണമെന്നാണ് ബാങ്കിങ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം. അതേസമയം അപകടം അനാഥരാക്കിയ പെൺമക്കളെയും പിരിച്ചെടുത്ത പണത്തെയും സംരക്ഷിക്കുന്നതിനെ സംബന്ധിച്ച് പൗരപ്രമുഖര്‍ ഇരുന്ന് തീരുമാനിക്കുമെന്ന് ഗ്രാമവാസികള്‍ അറിയിച്ചു.